Skip to main content

കോട്ടാങ്ങല്‍ കുടിവെള്ള പദ്ധതി സംസ്ഥാനത്തിന് മാതൃക- ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

 

കോട്ടാങ്ങല്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി സംസ്ഥാനത്തിന് മാതൃകയെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് നെടുംപാല കുടിവെളള പദ്ധതി നെടുംപാലത്തടം കുടിവെളള ടാങ്കിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടാങ്ങല്‍ നിവാസികളുടെ കൂട്ടായ്മയുടെ ഫലമായാണ് ഇത്തരമൊരു പദ്ധതി വേഗത്തില്‍ നടപ്പിലായതെന്നും,  ജലക്ഷാമം പരിഹരിക്കാന്‍ കഴിയുകെയന്നത് വലിയൊരു ഉദ്യമമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന് ഏറ്റവും വലുത് വായുവും ജലവുമാണെന്നും ജലമില്ലാതിരിക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. 

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ നെടുംപാല രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിച്ച് വന്ന പ്രദേശമായിരുന്നു. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നെടുംപാല വാട്ടര്‍ സര്‍വീസ് ചാരിറ്റബിള്‍ സൊസൈറ്റി രൂപികരിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്പദ്ധതിയുടെ ഫണ്ടില്‍ നിന്നും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് 3.5 ലക്ഷം രൂപയും രാജു ഏബ്രഹാം എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.റെജി തോമസ് പത്ത് ലക്ഷം രൂപയും കുടിവെള്ള ഗുണഭോക്താക്കളുടെ ഗുണഭോക്തൃവിഹിതമായ 11.5 ലക്ഷം രൂപയുമുള്‍പ്പെടെ 35 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 250 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് പദ്ധതിവഴി കഴിയും. കൂടാതെ, കുടിവെള്ള കിണര്‍ നിര്‍മിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ ഇലഞ്ഞിക്കമണ്ണില്‍ രാജേഷിന്റെ പിതാവായ പരേതനായ ഇ.കെ.വി പിള്ളയുടെ പേരിലാണ് പദ്ധതി. ടാങ്ക് നിര്‍മാണത്തിന് സൗജന്യമായി സ്ഥലം നല്‍കിയത് അത്യാലില്‍ മഠത്തുങ്കല്‍  ഏബ്രഹാം കുരുവിളയാണ്. 

രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.റെജി തോമസ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായി മോഹന്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍, വൈസ് പ്രസിഡന്റ് കെ.എം.എം. സലിം, നെടുംപാല വാട്ടര്‍സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍, ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കൈടുത്തു.           (പിഎന്‍പി 672/19)

date