Skip to main content

അക്കാദമിക വകുപ്പിന്റെ നേര്‍സാക്ഷ്യമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്റ്റാള്‍

 

മികവിന്റെ കേന്ദ്രങ്ങളായി മാറിയ ജില്ലയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയണോ...? എങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയിലേക്ക് പോന്നോളു...സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി മാറിയ ജില്ലയിലെ സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന എല്ലാ പദ്ധതികളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന വിധത്തിലാണ് സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നത്.  

കുട്ടികളിലെ ഭാഷാപഠനത്തെ പുഷ്ടിപ്പെടുത്തുന്ന ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, മലയാളത്തിളക്കം എന്നീ പദ്ധതികളും, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ വിശദാംശങ്ങളും, പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായുള്ള സുരക്ഷിതം പദ്ധതി, ജ്വാല സഹവാസ ക്യാമ്പുകള്‍, അക്കാദിക മുന്നേറ്റങ്ങള്‍ പങ്കുവെച്ചുള്ള ജനകീയ ഉത്സവങ്ങളായി മാറുന്ന പഠനോത്സവങ്ങള്‍, പ്രീ സ്‌കൂള്‍ പഠനം ശാസ്ത്രീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, കൈറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരണങ്ങളെല്ലാം ഇവിടെ നിന്ന് ലഭ്യമാകും. കൂടാതെ, റാസ്പ്ബെറി പിഐ3 എന്ന കുഞ്ഞന്‍ കംപ്യൂട്ടറും ഈ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നു. കുട്ടികളെ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം കുഞ്ഞന്‍ കംപ്യൂട്ടറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ചെറിയ സോപ്പുപെട്ടിയുടെ വലിപ്പം മാത്രമാണ് ഇതിന്. സിപിയുവിന് ബദലായി ഉപയോഗിക്കാവുന്ന റാസ്പ്ബെറി കൈയ്യില്‍ കൊണ്ടു നടക്കാവുന്നതാണ്. മോണിട്ടറിലോ ടിവിയിലോ ഘടിപ്പിച്ച് റാസ്പെബെറി പ്രവര്‍ത്തിപ്പിക്കാം. പ്രത്യേക ആപ്ലിക്കേഷനുകളും ഗെയിമുകളും ഇതിലുണ്ട്. ഇത് കൂടാതെ മറ്റ് ആപ്ലിക്കേഷനുകള്‍ വേണമെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് തടസ്സമില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും തടസ്സമില്ല. വിവരസാങ്കേതികവിദ്യ കുതിച്ചുയരുന്ന ഈ കാലത്ത് കുട്ടികളിലെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്തിയെടുക്കുക എന്നതാണ് കുഞ്ഞന്‍ കമ്പ്യൂട്ടറിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. 

                 (പിഎന്‍പി 678/19)  

date