Skip to main content

ഫാം ടൂറിസത്തിന്റെ സാധ്യകള്‍ ഉപയോഗപ്പെടുത്തണം - സെമിനാര്‍

 

  ജില്ലയില്‍ ഏറെ സാധ്യതയുള്ള ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് കാര്‍ഷിക സെമിനാര്‍. അഞ്ചേക്കറോളം സ്ഥലമുണ്ടെങ്കില്‍ സമ്മിശ്ര കൃഷിയോടൊപ്പം ഫാം ടൂറിസം ആരംഭിക്കാന്‍ കഴിയും. കൃഷിയിടത്തില്‍ നിന്നും വിളവെടുക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഫാം ടൂറിസത്തിന്റെ ഭാഗമായി ഔട്ടലെറ്റ് സ്ഥാപിച്ച് വിപണി കണ്ടെത്താനും സാധിക്കും. ഒരേസമയം കര്‍ഷകര്‍ക്ക് കൃഷിയിലൂടെയും ഉത്തരവാദിത്വ ടൂറിസത്തിലൂടെയും വരുമാനം കണ്ടെത്താം. കൂടാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. സമ്മിശ്ര കൃഷി രീതിയാണ് സാമ്പത്തിക സുരക്ഷിതത്വത്തിനും പ്രകൃതിക്കും അനുയോജ്യം. മൃഗപരിപാലനം സമ്മിശ്ര കൃഷിയുടെ അടിസ്ഥാന ഭാഗമാണ്. കൃഷി ചെയ്യാന്‍ മനസ്സുണ്ടെങ്കില്‍ വരുമാനം കര്‍ഷകനെ തേടിയെത്തും. ഉത്പാദനത്തോടൊപ്പം വിപണനവും കണ്ടെത്തുമ്പോഴാണ് കൃഷി പൂര്‍ണ്ണമാവുന്നത്. ഒരടി മേല്‍മണ്ണാണ് ഏതൊരു കൃഷിയേയും സ്വാധീനിക്കുന്നത്. മേല്‍മണ്ണ് സംരക്ഷിപ്പെടേണ്ടത് പ്രധാനമാണ്. പ്രളയാനന്തരം 25,000 ഹെക്ടര്‍ സ്ഥലത്തെ മേല്‍മണ്ണ് ഒലിച്ചു പോയിട്ടുണ്ട്. ഇതോടെ അമ്ലത കൂടി കൃഷിയിടങ്ങളില്‍ കള ശല്യം രൂക്ഷമായതായി സെമിനാര്‍ വിലയിരുത്തി. കാപ്പിത്തോട്ടങ്ങളുടെയും റബ്ബര്‍ത്തോട്ടങ്ങളുടെയും വരമ്പുകളില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളും  ആവശ്യക്കാര്‍ ഏറേയുള്ള ആയൂര്‍വേദ സസ്യങ്ങളും നടുന്നത് ലാഭകരമായിരിക്കും. പന്നി, എലി തുടങ്ങിയവയുടെ ശല്യം പരിഹരിക്കാന്‍ അതിരുകളില്‍ ചെത്തി കൊടുവേലിയും പ്രയോജനപ്പെടുത്താം. കാപ്പിത്തോട്ടങ്ങളില്‍ ശാസ്ത്രീയ രീതിയില്‍ കുരുമുളുക് കൃഷി ചെയ്യുന്നതും ലാഭകരമാണ്. കിഴങ്ങു വര്‍ഗ്ഗങ്ങളെല്ലാം ആഴം കുറഞ്ഞ് ഇളക്കമുള്ള മണ്ണില്‍ നട്ടാല്‍ നല്ല വിളവ് ലഭിക്കുമെന്നും സമ്മിശ്ര കൃഷി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ സാധ്യതയും വരുമാനവും വര്‍ദ്ധിപ്പിക്കുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

 

   കാലാവസ്ഥ വ്യതിയാനമാണ് ജില്ലയിലെ കാര്‍ഷിക മേഖല നേരിടാന്‍ പോവുന്ന പ്രധാനവെല്ലുവിളി. മഴ ലഭ്യതയുടെ ഏറ്റക്കുറിച്ചല്‍ കാര്‍ഷിക മേഖലയ്‌ക്കൊപ്പം സാമ്പമ്പത്തിക മേഖലയ്ക്ക് പ്രഹരം സൃഷ്ടിക്കും. സൂക്ഷ്മ കാലാവസ്ഥ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ വയനാടിന്റെ കാലാവസ്ഥയെ ഒരു പരിധിവരെ സംരംക്ഷിക്കാന്‍ കഴിയും. പ്രാ ദേശിക ഇടപ്പെടലുകള്‍ ആത്യാവശ്യമാണിതിന്. കുടിയേറ്റം, പെട്ടെന്നുള്ള വിളമാറ്റം, വന നശീകരണം, നീര്‍ച്ചാലുകളുടെ നാശം തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും വയനാടിന്റെ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കിയത്. ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വിള മാറ്റം സംഭവിച്ച സ്ഥലവും വയനാടാണ്.

 

     സെമിനാര്‍ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. കബനി പ്രൊജക്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പി.യു ദാസ്, കൃഷി വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ പി. വിക്രമന്‍, മാനന്തവാടി മണ്ണ് പരിശോധന ലാബ് കൃഷി ഓഫീസര്‍ എ.ടി വിനോയ് തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ബ്ലെസി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മമ്മൂട്ടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷക ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. 

 

date