Skip to main content

'ഹരിതഭവന'വുമായി ഹരിത കേരളം മിഷന്‍

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ 'ഹരിതഭവനം' എന്ന ആശയവുമായി ഹരിതകേരളം മിഷന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. ഹരിതാഭമായ പരിസ്ഥിതി സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടൊപ്പം നമ്മുടെ ഭവനങ്ങളും ഹരിതമാക്കുക എന്ന നൂതന ആശയമാണ് ഹരിതകേരളം മിഷന്‍ സര്‍ക്കാരിന്റെ നല്ല ദിനങ്ങളിലൂടെ ജനങ്ങള്‍ക്കു നല്‍കുന്നത്. ജൈവകൃഷി, മാലിന്യസംസ്‌കരണം, മൃഗസംരക്ഷണം, ജലവിഭവ സംരക്ഷണം, ക്ഷീരവികസനം, ഊര്‍ജസംരക്ഷണം എന്നിവയാണ് മുഖ്യ ഘടകങ്ങള്‍.  വീട്ടുവളപ്പിലെ കൃഷി യോഗ്യ മായ എല്ലാ സ്ഥലത്തും ജൈവകൃഷി നടത്തുക, വീട്ടുവളപ്പില്‍ പെയ്തിറങ്ങുന്ന മഴവെള്ളം പുരയിടത്തിനു പുറത്തുപോവാതെ കിണറിനരികില്‍ കിനിഞ്ഞിറങ്ങുന്നതിന് സൗകര്യപ്പെടുത്തുക, മേല്‍ക്കൂരയിലെ മഴവെള്ളം കിണര്‍ റീചാര്‍ജിങ് പിറ്റിലേക്ക് എത്തിക്കുക, ബാത്ത്‌റൂമില്‍ നിന്നുള്ള മലിനജലം റീസൈക്കിള്‍ ചെയ്ത് കുടിവെള്ളമൊഴികെയുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മിതവ്യയവും സുരക്ഷിതത്വവും സൗരോര്‍ജം പ്രോല്‍സാഹിപ്പിച്ചു കൊണ്ടുമുള്ള ഊര്‍ജസംരക്ഷണം, വീട്ടുവളപ്പിലെ എല്ലാ മാലിന്യങ്ങളും പരിസ്ഥിതി സൗഹൃദമായി ജൈവവളമാക്കുക, വളക്കുഴി നിര്‍മിച്ചും ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് തരംതിരിച്ച് സൂക്ഷിച്ചുമുള്ള മാലിന്യ സംസ്‌കരണം, വളര്‍ത്തു പക്ഷികളെയും മൃഗങ്ങളെയും വീട്ടുവളപ്പില്‍ സംരക്ഷിച്ച് പരിപാലിക്കല്‍ എന്നിവയൊക്കെയാണ് ഹരിതഭവനം പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയിലെ കാര്‍ഷിക മേഖലയില്‍ സംയോജിത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രൊജക്ടാണ് ഹരിതഭവനം. അഞ്ചുസെന്റ് മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമിയുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാവാം.

date