ഐഎച്ച്ആര്‍ഡി കോളജ് ഓഫ് എന്‍ജിനീയറിംഗ് പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം 28ന്
അടൂര്‍ മണക്കാല ഐഎച്ച്ആര്‍ഡി കോളജ് ഓഫ് എന്‍ജിനീയറിംഗ് വളപ്പില്‍ നബാര്‍ഡ് സഹായത്തോടെ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച പഠന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 28ന് ഉച്ചയ്ക്ക് രണ്ടിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.പി.സുരേഷ് കുമാര്‍, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റജി, ജില്ലാ പഞ്ചായത്തംഗം സതികുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖില ജിജു തരകന്, പ്രിന്‍സിപ്പല്‍ ഡോ.വി.കെ.ജയശ്രീ, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോളജിന് വേണ്ടി സ്ഥലം നല്കിയവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും കോളജില്‍ പഠനം പൂര്‍ത്തിയാക്കി ഉന്നത പദവികള്‍ അലങ്കരിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കെല്‍ട്രോണ്‍ തുടങ്ങി കേരളത്തിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, ദൂരദര്ശന്, കെഎസ്ഇബി, ഫയര്‍ഫോഴ്സ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, എക്സൈസ്, കുടുംബശ്രീ, അനര്‍ട്ട്, മില്‍മ, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ പങ്കെടുക്കുന്ന ശാസ്ത്രസാങ്കേതിക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കോളജിലെ വിവിധ വകുപ്പുകളുടെ പരീക്ഷണ ശാലകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 28നും മാര്‍ച്ച് ഒന്നിനുമായി നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. (പിഎന്‍പി 703/19)
- Log in to post comments