പൊതുവിദ്യാഭ്യാസം മുന്നോട്ട് : സെമിനാര്‍ നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളത്തില്‍ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസം മുന്നോട്ട് സെമിനാര്‍ നടത്തി. എഡിഎം പി.റ്റി.എബ്രഹാം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിന് പൊതുവിദ്യാലയങ്ങളുടെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതായി എഡിഎം പറഞ്ഞു. നല്ല വ്യക്തികളാകാനുള്ള അറിവാണ് വിദ്യാലയങ്ങളില്‍ നി്ന്നും ലഭിക്കേണ്ടത്. ചുറ്റുപാടുകളെ ഉള്‍ക്കൊണ്ടുള്ള പുതിയ പാഠ്യപദ്ധതികളിലൂടെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി കമ്മിറ്റി അംഗം എസ്.വി സുബിന് അധ്യക്ഷത വഹിച്ച സെമിനാറില്‍ സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. ആര് വിജയമോഹന്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. രാജേഷ് എന്നിവര്‍ വിഷയാവതരണം നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം കൂടുതല്‍ മികച്ചതായെന്ന് ഡോ. ആര് വിജയമോഹന് പറഞ്ഞു. പാഠപുസ്തകങ്ങള്‍ കാണാതെ പഠിക്കുന്ന സംവിധാനത്തില്‍ നിന്നും മാറി പ്രാവര്‍ത്തിക തലത്തില്‍ രസകരമായ പദ്ധതികളിലൂടെ പഠനത്തെ സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാലയങ്ങളില്‍ നടക്കുന്നത്. ഇത് കുട്ടികള്‍ക്ക് സൗഹൃദപരമായ അന്തരീക്ഷം വിദ്യാലയങ്ങളില്‍ സൃഷ്ടിക്കുന്നതിന് സാധിച്ചു. അനുഭവാധിഷ്ഠിത പഠനത്തിലൂടെ കുട്ടികള്‍ക്ക് ചുറ്റുപാടുകളെ നിരീക്ഷിച്ച് അറിവ് നേടുവാന്‍ കഴിഞ്ഞു. ഭിന്ന ശേഷിക്കാരായ കുട്ടികള്‍, പെണ്‍കുട്ടികള്‍, പിന്നോക്ക മേഖലയിലെ കുട്ടികള്‍, സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള പദ്ധതികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുന്നുണ്ട്. മലയാളത്തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ് എന്നീ പദ്ധതികളിലൂടെ ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാഷാപരിജ്ഞാനം വളര്‍ത്തുവാന്‍ സാധിക്കുന്നു. സയന്‍സ് പഠനം ലളിതമായി മനസിലാക്കുന്നതിനായി സയന്‍സ് പാര്‍ക്ക്, കണക്ക് പഠനം എളുപ്പമാക്കുന്നതിനായി ഗണിതവിജയം ഇവയെല്ലാം പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക മുന്നേറ്റങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ജനകീയ ഉത്സവങ്ങളായ പഠനോത്സവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായിരുന്നുവെന്ന് വിഷയാവതരണം നടത്തി എസ്. രാജേഷ് പറഞ്ഞു. കൗമാരക്കാരായ കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന സുരക്ഷിതം പദ്ധതി, പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായുള്ള സഹവാസ ക്യാമ്പുകള്‍, സ്വയം സുരക്ഷാ പ്രതിരോധ പരിശീലനം എന്നിങ്ങനെ നമ്മുടെ ജില്ലയില്‍ നടത്തുന്ന പദ്ധതികള്‍ മാതൃകാപരമാണ്. ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ആയതോടെ സാങ്കേതിക മികവിലൂടെ വിദ്യാര്‍ഥികള്‍ക്ക് പുതിയൊരു പഠനലോകമാണ് ലഭ്യമായത്. 2018-19 വര്‍ഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 5906 കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായതെന്നും ഇത് പൊതുവിദ്യാലയങ്ങളുടെ ജനകീയതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ബി. ലീലാകൃഷ്ണന്നായര്, കോന്നി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍.എസ് രാജേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. (പിഎന്‍പി 709/19)
- Log in to post comments