Skip to main content

വാര്‍ഷിക പദ്ധതി: ജില്ലയില്‍ 154.05 കോടി രൂപ ചെലവഴിച്ചു. 

 

 

   ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പദ്ധതിയിനത്തില്‍ 154.05 കോടി രൂപ ചെലവഴിച്ചു. നിര്‍വ്വഹണ പുരോഗതി 67.70 ശതമാനം. പദ്ധതി നിര്‍വ്വഹണത്തില്‍ 75.74 ശതമാനം (28.73 കോടി) തുക ചെലവഴിച്ച വയനാട് ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഒന്നാമതാണ്. നഗരസഭകളില്‍ സംസ്ഥാനതലത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ രണ്ടാം സ്ഥാനത്തും (73.03 ശതമാനം) കല്‍പ്പറ്റ നഗരസഭ (69.78 ശതമാനം) അഞ്ചാം സ്ഥാനത്തുമാണ്. വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയിലെ നഗരസഭകളുടെ നിര്‍വ്വഹണ പുരോഗതി 67.63 ശതമാനമാണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ 61.08 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 67.70 ശതമാനവും നിര്‍വ്വഹണ പുരോഗതി നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് നിര്‍വ്വഹണ പുരോഗതി വിലയിരുത്തിയത്. 67.70 ശതമാനം തുക ചെലവഴിച്ച് ജില്ല സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്ത്.

 

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികള്‍ക്കായി 227.54 കോടിയാണ് അനുവദിക്കപ്പെട്ടിരുന്നത്. പൊതുവിഭാഗം പദ്ധതി ഇനത്തില്‍ 121.16 കോടി രൂപ, ധനകാര്യ കമ്മീഷന്‍ വിഹിതം 34.46 കോടി രൂപ,, എസ്.സി.പി ഇനത്തില്‍ 13.82 കോടി, ടി.എസ്.പി ഇനത്തില്‍ 58.10 കോടി എന്നിങ്ങനെയാണ് തുക ലഭിച്ചത്. ഇതില്‍  പൊതുവിഭാഗം പദ്ധതി ഇനത്തില്‍ 88.34 കോടിയും ധനകാര്യ കമ്മീഷന്‍ വിഹിതം 18.58 കോടിയും എസ്.സി.പി ഇനത്തില്‍ 9.31 കോടിയും ടി.എസ്.പി ഇനത്തില്‍ 37.82 കോടിയുമാണ് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ പൂതാടി ഗ്രാമപഞ്ചായത്താണ് കൂടുതല്‍ തുക (6.02 കോടി) ചെലവഴിച്ചത്. 78.26 ശതമാനമാണ് നിര്‍വ്വഹണം. മാനന്തവാടി നഗരസഭ 58.09 ശതമാനം തുക (4.79 കോടി)  ചെലവഴിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് 69 ശതമാനം (6.04 കോടി), സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 60.12 ശതമാനം  (5.46 കോടി), മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 58.09 ശതമാനം (6.06 കോടി), കല്‍പ്പറ്റ  ബ്ലോക്ക് പഞ്ചായത്ത് 57.32 ശതമാനം ( 5.57 കോടി) എന്നിങ്ങനെ നിര്‍വ്വഹണ പുരോഗതി നേടി.

   പ്രളയാനന്തര പുനര്‍മാണത്തിന്റെ ഭാഗമായി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ 79.23 കോടി രൂപയുടെ 18 പദ്ധതികള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ് പദ്ധതികള്‍ വിശദീകരിച്ചു.

 

date