Skip to main content

ജില്ലയില്‍ 49 മാതൃകാ പോളിങ്ങ്  ബൂത്തുകള്‍  പണം കടത്ത് നിരീക്ഷിക്കും

 

 

   പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 49 മാതൃകാ പോളിങ്ങ് ബൂത്തുകള്‍ ഒരുക്കും. ഓരോ വില്ലേജിലും ഒരെണ്ണം എന്ന നിലയിലാണ് മാതൃകാ ബൂത്തുകള്‍ തയ്യാറാക്കുന്നത്. ജില്ലാ കളക്ടര്‍ എ.ആര്‍.ആജയകുമാറിന്റെ അധ്യക്ഷതയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് തലത്തിലായിരുന്നു മാതൃകാ പോളിംഗ് ബൂത്തുകള്‍ തയ്യാറാക്കിയിരുന്നത്. എല്ലാ പോളിംഗ് ബുത്തുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാമ്പ് സൗകര്യം ഏര്‍പ്പെടുത്തും. ഇക്കാര്യം ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ കണക്കെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.  സി.വിജില്‍ മൊബൈല്‍ അപ്പ് വഴി  മാതൃക പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച ലഭിക്കുന്ന പരാതിയില്‍ സമയബന്ധിതമായി നടപടി സ്വീകരണം. ജില്ലയില്‍ ഉടനീളം പരിശോധന കര്‍ശനമാക്കാന്‍ പോലീസ്,എക്‌സൈസ് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമ്പതിനായിരം രൂപയില്‍ കൂടുതല്‍ തുക രേഖകളില്ലാതെ കൊണ്ടു പോകാന്‍ പാടില്ല. മുഴുവന്‍ വാഹനങ്ങളും ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി പ്രത്യേകം സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. യുവ വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ഉദ്യോഗസ്ഥരോട്  ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പോളിങ്ങ് ഉദ്യോഗസ്ഥരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രത്യേകം ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 

date