Skip to main content

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി

 

    

    ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാതൃക പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതപരമായി പെരുമാറരുതെന്നും ജില്ലാ കലകട്ര്‍ പറഞ്ഞു. പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാമ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ പുരോഗതി വിലയിരുത്തി. റാമ്പ് സൗകര്യമില്ലാത്തയിടങ്ങളില്‍ അവ സ്ഥാപിക്കുന്നതിനുളള നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പിന് നല്‍കി. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ പ്രത്യേകം വാഹന സൗകര്യവും ഏര്‍പ്പെടുത്തും.പ്രശ്‌ന ബാധിത ബൂത്തുകള്‍ കണ്ടെത്താന്‍ പോലീസ് റിപ്പോര്‍ട്ടിനൊപ്പം ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും പരിഗണിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷിതമായി വോട്ടു ചെയ്യുന്നതിനുളള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

    തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം നല്‍കുന്നതോടൊപ്പം വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടവകാശം നിര്‍വ്വഹിക്കുന്നതിന്  സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. പുതുവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുളള പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.  ആദിവാസി കോളനിവാസികളിലുള്‍പ്പെടെ ഓരോ ബൂത്തിലും വോട്ടര്‍ സമ്പര്‍ക്ക പരിപാടികള്‍ നടത്തന്നതോടൊപ്പം ഇലക്ട്രോണിക്വോട്ടിങ് മെഷീന്‍, വി.വി.പാറ്റ് എന്നിവ പരിചയപ്പെടുത്തും. യോഗത്തില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date