Skip to main content

ലോക ക്ഷയരോഗ ദിനം സംസ്ഥാനതല പരിപാടി 24ന് കല്‍പ്പറ്റയില്‍

 

 

  ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ജില്ല ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 24-ന് രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജഗദീശന്‍ ക്ഷയരോഗദിനാചരണ സന്ദേശം നല്‍കും. സംസ്ഥാന ടിബി ഓഫീസര്‍ ഡോ. സുനില്‍കുമാര്‍ റിപോര്‍ട്ട് അവതരിപ്പിക്കും. ഡബ്ല്യു.എച്ച്.ഒ കണ്‍സള്‍ട്ടന്റുമാരായ ഡോ. രാഗേഷ്, ഡോ. ഷിബു ബാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. നൂനമര്‍ജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. രാവിലെ എട്ടിന് കല്‍പ്പറ്റ ചുങ്കം  ജംഗ്ഷനില്‍ ലോക ക്ഷയരോഗദിന റാലിയും സംഘടിപ്പിക്കും. 

 

    ഇതാണ് സമയം... ആശൂപത്രികളിലും പൊതു സമൂഹത്തിലും വായുജന്യ രോഗനിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തൂ-ക്ഷയരോഗമുക്ത കേരളത്തിനായ് എന്ന സന്ദേശവുമായാണ് ദിനാചരണം നടത്തുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വയനാട് ജില്ലയെ 2020 ഓടുകൂടി സമ്പൂര്‍ണ്ണ ക്ഷയരോഗ വിമുക്ത ജില്ലയായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.. ഇതിന്റെ ഭാഗമായി നാളെ (മാര്‍ച്ച് 23ന്) രാവിലെ 10ന് കല്‍പ്പറ്റ ഹോട്ടല്‍ വുഡ്‌ലാന്‍ഡ് കോണഫറന്‍സ് ഹാളില്‍ കോ-ഓര്‍ഡിനേഷന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. വിവിധ വകുപ്പുകളോടൊപ്പം സന്നദ്ധ സംഘടന പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ കൂടി പങ്കാളിത്തത്തോടെ സമ്പൂര്‍ണ്ണ ക്ഷയരോഗ വിമുക്ത കാമ്പയിന്‍ വിജയിപ്പുക്കയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഇന്നലെ (മാര്‍ച്ച് 21) വിവിധ അഗതിമന്ദിരങ്ങളിലും ട്രൈബല്‍ കോളനികളിലും ക്ഷയരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. ഇന്ന് (മാര്‍ച്ച് 22) രാവിലെ 10ന് മാനന്തവാടി ടൗണ്‍ഹാളില്‍ മൂപ്പന്‍മാരോടൊപ്പം എന്ന പേരില്‍ ക്ഷയരോഗ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. 

 

date