Skip to main content

ചെലവ് നിരീക്ഷണം പുരോഗമിക്കുന്നു

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന പ്രവര്‍ത്തനം പരാതിരഹിതമായി പുരോഗമിക്കുന്നുവെന്ന് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ രാജ്കുമാര്‍ കേന്ദ്രേ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ ചെലവ് വിവരങ്ങളുടെ രണ്ടാംഘട്ട പരിശോധന ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറും, ഫിനാന്‍സ് ഓഫീസറുമായ എന്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുളള അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കുകളുടെ ഒന്നാംഘട്ട പരിശോധന ഈ മാസം 11,12 തീയതികളില്‍ നടന്നു. രണ്ടാംഘട്ട പരിശോധന 16, 17 തീയതികളില്‍ പൂര്‍ത്തിയായി. മൂന്നാംഘട്ട പരിശോധന 21,22 തീയതികളില്‍ നടക്കും. കണക്കുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായി മൂന്നു ദിവസം ഇടവിട്ടാണ് പരിശോധന നടത്തുന്നത്. ചെലവ് പരിശോധന നടത്തിയതില്‍ ചെറിയ പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതനുസരിച്ച് ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുളളതാണ്. നോട്ടീസിന് മറുപടി നല്‍കേണ്ട സമയപരിധി 48 മണിക്കൂറാണ്. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നുളള കണക്കുകള്‍ ലഭ്യമാകുന്നതിനുളള കാലതാമസമാണ് കണക്കുകള്‍  ക്രോഡീകരിച്ച് സമര്‍പ്പിക്കുന്നതിന് താമസം നേരിടുന്നതെന്ന് സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ അറിയിച്ചു. 

ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ വീഡിയോ നിരീക്ഷണ ടീമുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ദൃശ്യങ്ങള്‍ നിര്‍ദ്ദിഷ്ട വീഡിയോ വ്യൂവിംഗ് ടീമുകള്‍ വീക്ഷിക്കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുന്നുണ്ട്. വ്യൂവിംഗ് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളിലെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് അക്കൗണ്ടിംഗ് വിഭാഗത്തിന് നല്‍കുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി തയാറാക്കിയിട്ടുള്ള നിരക്കുകള്‍ അടിസ്ഥാനപ്പെടുത്തി ഓരോ ഇനത്തിനും ചെലവ് കണക്കാക്കി അക്കൗണ്ടിംഗ് ടീം ഷാഡോ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നു. പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ഷാഡോ രജിസ്റ്ററിലെ കണക്കുകള്‍ ജില്ലാതലത്തില്‍ ക്രോഡീകരിക്കുകയും ചെയ്യും. സ്ഥാനാര്‍ഥികള്‍ തയാറാക്കുന്ന കണക്കും നിരീക്ഷണ രജിസ്റ്ററിലെ കണക്കും എക്സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തുകയാണ് ചെയ്യുക.

വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുക, മദ്യം വിതരണം ചെയ്യുക, സമ്മാനങ്ങള്‍ നല്‍കുക, വസ്ത്രങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടി എടുക്കുന്നതിനും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പോലീസ് സഹായത്തോടെ വീഡിയോ സര്‍വൈലന്‍സ് ടീം, ഫ്‌ളയിംഗ് സ്‌ക്വാഡ്, മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനും പോലീസും അടങ്ങിയ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം എന്നിവയും പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍, ബാനറുകള്‍, ചുവരെഴുത്ത് മുതലായവ നീക്കം ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആന്റിഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, പത്രദൃശ്യമാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.         (ഇലക്ഷന്‍: 186/19)

date