Skip to main content

കഞ്ചാവുമായി മൂന്നു പേർ കൂടി പിടിയിൽ

ആലപ്പുഴ: എക്സൈസ് റേഞ്ച് പരിധിയിൽ നിന്നും വിവിധ കേസുകളിലായി 10 കിലോ കഞ്ചാവും ഒരു ആൾട്ടോ കാറുമടക്കം മൂന്നു പേരെ ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. ജെ. റോയ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടു പേർ മലപ്പുറം സ്വദേശികളും ഒരാൾ  ആലപ്പുഴ സ്വദേശിയുമാണ്. കഴിഞ്ഞ ദിവസം അര കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ ആളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ  നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്. മലപ്പുറം ജില്ലയിൽ നിന്നും വ്യാപകമായി കഞ്ചാവ് ആലപ്പുഴയ്ക്ക് എത്തുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യ അറിയിപ്പും ഉണ്ടായിരുന്നു.

മലപ്പുറം മേൽമുറി സ്വദേശി സുൽഫിക്കർ, ചീക്കോട് വട്ടപ്പാറയ്ക്കൽ അലവിക്കുട്ടി, പുന്നപ്ര സ്വദേശി സാട്ടാ ഷമീർ എന്നിവരാണ് വിവിധ കേസുകളിലായി പിടിയിലായത്. ഇവർ എല്ലാവരും മലപ്പുറത്ത് നിന്നാണ് കഞ്ചാവ് ആലപ്പുഴയ്ക്ക് എത്തിക്കുന്നത്. സുൽഫിക്കർ കെ. എസ്. ആർ.ടി. സി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് അറസ്റ്റിലായത്. സാട്ടാ ഷമീറും അലവിക്കുട്ടിയും വളവനാട് പരിസരത്ത് നിന്നുമാണ് അറസ്റ്റിലായത്. സുൽഫിക്കറിൽ നിന്നും ആറുകിലോ കഞ്ചാവും മറ്റുരണ്ടു പേരിൽ നിന്നായി  രണ്ടു കിലോ കഞ്ചാവ് വീതവും പിടിച്ചെടുത്തു. 

അലവിക്കുട്ടി കാറിലാണ് കഞ്ചാവുമായെത്തിയതെന്ന് എക്‌സൈസ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. അലവിക്കുട്ടി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി അലവിക്കുട്ടി കഞ്ചാവ് വിൽപന നടത്തിവരുന്നു. വാഹന പരിശോധനയിൽ ശ്രദ്ധിക്കപ്പെടാതിരിക്കാൻ അലവിക്കുട്ടി വെള്ള വസ്ത്രം മാത്രമാണ് ധരിക്കുന്നത്. അലവിക്കുട്ടിയും സുൽഫിക്കറും മലപ്പുറത്തെ എൻ. ഡി. പി. എസ്. കേസിൽ കണ്ണൂർ സെൻട്രൽ ജെയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. 

ആന്ധ്രാപ്രദേശിൽ നിന്നും ഇടനിലക്കാർ വഴി 3000 രൂപയ്ക്കെത്തുന്ന കഞ്ചാവ് 40000 രൂപയ്ക്കാണ് ഇവർ മറിച്ച് വിൽക്കുന്നത്. കുടുംബവുമായി അകന്നുകഴിയുന്ന ഇവർ ആർഭാട ജീവിതമാണ് നയിക്കുന്നത്. എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ മാത്രമാണ് ഇവർ ആലപ്പുഴ ജില്ലയിൽ കഞ്ചാവ് എത്തിക്കുന്നത്. അന്വേഷണം മലപ്പുറത്തേയ്ക്കും വ്യാപിപ്പിക്കുമെന്നും ഇടപാടുകാരെ ഉടൻ കണ്ടെത്തുമെന്നും ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. മുഹമ്മദ് റഷീദ് അറിയിച്ചു. 

ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. ജെ. റോയ് നേതൃത്വം കൊടുത്ത വിവിധ പരിശോധനകളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവൻറീവ് ഓഫീസർമാരായ കെ. വി. ബിജു, പി. എം. സുമേഷ്, റോയ് ജേക്കബ്, എൻ. പ്രസന്നൻ, ജി. ഫെമിൻ, എൻ. ബാബു, പി. സി. ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസറൻമാരായ ബി. എം. ബിയാസ്, സുബിൻ. ബി, സുർജിത്ത്. റ്റി. ജി , ഷിബു. പി. ബെഞ്ചമിൻ, എം. സി. ബിനു, ജയദേവ്. ആർ, പി. ബി. പ്രബീൺ, വനിത സിവിൽ എക്സൈസ് ഓഫീസറൻമാരായ എസ്. സുലേഖ, എൻ. ആർ. സിന്ധു, സ്മിത. എൻ. എസ് എന്നിവർ പങ്കെടുത്തു.

 

date