Skip to main content

വേനൽ കനത്തതോടെ കുട്ടനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് പുരവഞ്ചി ബുക്ക് ചെയ്യാൻ ഡി.റ്റി.പി.സി. സഹായകേന്ദ്രങ്ങൾ

ആലപ്പുഴ: വേനൽ കനത്തതോടെ കുട്ടനാട്ടിലേക്ക് സ്വദേശികളും വിദേശികളുമടങ്ങുന്ന സഞ്ചാരികളുടെ ഒഴുക്ക്.  അവധിക്കാലം ആസ്വദിക്കാനും കനത്ത ചൂടിൽ കായൽപ്പരപ്പിലെ തണുപ്പ് തേടിയുമാണ് കുട്ടനാട്ടിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നത്. ഇതോടെ വേമ്പനാട്ടുകായലിലെ പുരവഞ്ചികൾക്ക് കൊയ്ത്തുകാലമായി. പ്രളയത്തെത്തുടർന്നുള്ള ഇടക്കാല മാന്ദ്യത്തിന് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണരുകയാണ്. സർക്കാർ അംഗീകൃത  850   പുരവഞ്ചികളും 250ന് മുകളിൽ ശിക്കാര വള്ളങ്ങളുമാണ് കുട്ടനാട്ടിൽ സഞ്ചാരികൾക്കായി ഉള്ളത്. 

പുരവഞ്ചിയിൽ നിന്ന് ലഭിക്കുന്ന തനത് നാടൻ വിഭവങ്ങളോടാണ് സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് ഏറെ പ്രിയം. കായലിൽ നിന്ന് പിടിക്കുന്ന കരിമീൻ, കൊഞ്ചുൾപ്പടെയുള്ള മത്സ്യവിഭവങ്ങൾ, കപ്പ, കോഴിയിറച്ചി എന്നു വേണ്ട നാവിൽ രുചിയൂറുന്ന വിഭവങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും സമയവും അനുസരിച്ചാണ് പുരവഞ്ചികളുടെ വാടക. പകൽയാത്രയ്ക്ക്  4500 രൂപ മുതലും രാത്രിയും പകലുമുള്ള യാത്രയ്ക്ക്  5500 രൂപ മുതലുമാണ് പുരവഞ്ചികളുടെ നിരക്ക്. 

ഒരുവട്ടം പുരവഞ്ചിയിൽ കയറിയ സഞ്ചാരികളെല്ലാം വീണ്ടും ഈ കായൽ അനുഭവം തേടിയെത്തുമെന്നതാണ് കുട്ടനാടിന് തുണയാകുന്നത്.  കായൽ വിനോദ സഞ്ചാരത്തിന്റെ കാര്യത്തിൽ കുട്ടനാട് തന്നെയാണ് സഞ്ചാരികൾക്ക് പ്രിയം. വിദേശികളോടൊപ്പം ആഭ്യന്തര സഞ്ചാരികളും ഇവിടേക്ക് കൂടുതലായെത്തുന്നുണ്ടെന്ന്  ഡി.റ്റി.പി.സി. സെക്രട്ടറി എം. മാലിൻ പറഞ്ഞു.

വരും ദിവസങ്ങളിൽ സഞ്ചാരികളുടെ കൂടുതൽ ഒഴുക്കുണ്ടാകുമെന്നാണ്  പ്രതീക്ഷ. ആന്ധ്ര, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ധാരാളം പേരെത്തുന്നുണ്ട്. കൂടാതെ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും കുടുംബങ്ങളുമായി സ്‌കൂൾ അവധിക്കാലം ആസ്വദിക്കാൻ എത്തുന്നതും ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നു.

ഈസ്റ്റർ കഴിഞ്ഞതോടെ വിദേശത്ത് നിന്നുള്ള സഞ്ചാരികളുമായി കൊച്ചിയിൽ എത്തുന്ന സംഘങ്ങളിൽ നിന്നുള്ളവരും കായൽ സൗന്ദര്യം നുകരാനായി കുട്ടനാട്ടിൽ എത്തുന്നുണ്ട്. പൊതുവെ എറണാകുളത്ത് ഭൂരിഭാഗം യാത്രക്കാരും ഇറങ്ങി ആലപ്പുഴ വരെ ഏതാണ്ട് കാലിയായി യാത്രനടത്തുന്ന ചെന്നൈ- ആലപ്പുഴ ട്രയിൻ ഇപ്പോൾ നിറയെ യാത്രക്കാരുമായാണ് ആലപ്പുഴയ്ക്ക് എത്തുന്നത.്

കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം  നവംബറോടെയാണ്  കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താൻ തുടങ്ങിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 25,000ന് മുകളിൽ വിദേശികളും 70,000ത്തോളം ആഭ്യന്തര വിനോദ സഞ്ചാരികളും കായൽ സൗന്ദര്യം ആസ്വദിക്കാനായി ആലപ്പുഴയിലെത്തി. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച്  വൻ വർധനയാണുള്ളത്. അവധിക്കാലം ചെലവഴിക്കാൻ കുടുംബസമേതം  എത്തുന്നതിനാൽ കൂടുതൽ മുറികളുള്ള പുരവഞ്ചികളോടാണ് ആഭ്യന്തര സഞ്ചാരികൾക്ക് പ്രിയം.

പകൽ യാത്രയാണ് ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. വിദേശികളും മറ്റ് സംസ്ഥാന യാത്രികരും രാത്രികാല യാത്രകൂടി ഉൾപ്പെടുന്ന പാക്കേജാണ് ഏറെ ഇഷ്ടപ്പെടുന്നത്. പുന്നമട, ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ നിന്നാണ് പുരവഞ്ചികളിടെ സവാരി ആരംഭിക്കുന്നത്.

ചെറുകിട വള്ളങ്ങളിലും മോട്ടോർ ബോട്ടുകളിൽ യാത്ര നടത്തുന്നവരും കുറവല്ല.  പുരവഞ്ചികൾ തേടിയെത്തുന്നവർക്ക് ഏജന്റുമാരുടെ പിടിയിൽപ്പെടാതെ മിതമായ നിരക്കിൽ ഹൗസ് ബോട്ട് സവാരി ഉറപ്പാക്കുന്നതിനായി ബോട്ട് ജെട്ടിയിലെ ഡി.റ്റി.പി.സി ഓഫീസിലും പുന്നമടയിലെ ഡിടിപിസി പ്രീപെയ്ഡ് കൗണ്ടർ വഴിയും പുരവഞ്ചികൾ ബുക്ക് ചെയ്യാം. ഡി.റ്റി.പി.സി.യുടെ സഹായ കേന്ദ്രങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുള്ള പുരവഞ്ചികളാണ് അനുവദിക്കുന്നത്.  പുരവഞ്ചികൾ ബുക്ക് ചെയ്യുന്നതിനായി ഡി.റ്റി.പി.സി.യുടെ 0477 2251796, 0477 2238170, 9400051796 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

 

 

date