പമ്പയിലെ മണല്‍ താത്ക്കാലികമായി നീക്കുന്നതിന് തീരുമാനം
പ്രളയസമയത്ത് പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ മഴക്കാലത്തിന് മുന്‍പായി താത്ക്കാലികമായി നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ പി ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറ്റി യോഗം തീരുമാനിച്ചു. പമ്പയിലെ മണല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വനംവകുപ്പ് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടിഞ്ഞു കൂടിയ മണല്‍ ലേലം ചെയ്യുന്നതിനായി മണലിന്റെ വില കണക്കാക്കി ഇ- ടെന്‍ഡര്‍ വിളിച്ചെങ്കിലും ലേലത്തില്‍ ആരും പങ്കെടുത്തില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മണലിന്റെ വില ഒരു മീറ്റര്‍ ക്യൂബിന് 2777 രൂപയാണ് നിശ്ചയിരുന്നത്.
ദുരന്തനിവാരണ നിയമത്തിന്റെ 34 ഡിയുടെ അടിസ്ഥാനത്തില്‍ പമ്പയിലും പരിസരങ്ങളിലും അടിഞ്ഞുകൂടിയ മണല്‍ അടിയന്തിരമായി നീക്കം ചെയ്യാത്ത പക്ഷം
കാലവര്‍ഷ കെടുതിയില്‍ അപകടസാധ്യത മുന്‍നിര്‍ത്തി മണല്‍ നീക്കം ചെയ്യാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. അപകടമോ, ദുരന്തമോ ഉണ്ടായേക്കാമെന്ന് ഉറപ്പുള്ള ഘട്ടങ്ങളില്‍ അവ ഒഴിവാക്കുന്നതിന് ഉത്തമമായ ഏതു സൗകര്യവും വിനിയോഗിക്കാമെന്ന്
ദുരന്തനിവാരണ നിയമത്തിന്റെ 34 ഡി വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ രണ്ടര ലക്ഷം മീറ്റര്‍ക്യൂബ് മണലാണ് പമ്പയിലും പരിസരങ്ങളിലും അടിഞ്ഞുകൂടി കിടക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. മഴക്കാലം ആരംഭിക്കുമ്പോള്‍ വലിയൊരു അപകടസാധ്യത മുന്നില്‍ കണ്ടാണ് ഇവ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി നിലവിലെ മണലിന്റെ അളവ് കണക്കാക്കാനും, ഇവ താല്‍ക്കാലികമായി നീക്കേണ്ട സ്ഥലം കണ്ടെത്താനും, നീക്കം ചെയ്യുന്നതിന് ആവശ്യമായ വാഹനസൗകര്യം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും വനം, ജലസേചനവകുപ്പ്, ദേവസ്വം ബോര്‍ഡ്, റവന്യു, പോലീസ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘത്തെ സബ് കളക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ കളക്ടര്‍ നിയോഗിച്ചു. ശേഖരിച്ച വിവരങ്ങളുടെ റിപ്പോര്‍ട്ട് ഈ മാസം 14നകം നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ദേവസ്വം ബോര്‍ഡിന്റെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ ഉപയോഗിക്കുന്നതിനായി ഇരുപതിനായിരം മീറ്റര്‍ക്യൂബ് മണല്‍ സ്വന്തം ചെലവില്‍ ദേവസ്വം ബോര്‍ഡ് സന്നിധാനത്ത് എത്തിക്കും. എന്നാല്‍, സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം മാത്രമേ ഈ മണല്‍ നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുളളൂ. മണ്ണ് നീക്കുന്നതിന് ഏത് തരത്തിലുളള വാഹനമാണ് ഉപയോഗിക്കേണ്ടത്, എത്ര വാഹനങ്ങള്‍ വേണം, ഈ വാഹനങ്ങളുടെ ഗതാഗത നിരക്ക് എന്നിവ അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര് ടി ഒയ്ക്ക് നിര്‍ദേശം നല്കി. മണല്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ കൃത്യമായ വിവരശേഖരണം നടത്തുന്നതിന് നിലയ്ക്കലില്‍ പോലീസിന്റെയും, വനംവകുപ്പിന്റെയും നേതൃത്വത്തില്‍ താല്‍ക്കാലികമായി ചെക്ക് പോസ്റ്റുകളും സ്ഥാപിക്കും.
നീക്കം ചെയ്യേണ്ട മണല്‍, നിക്ഷേപിക്കേണ്ട സ്ഥലം എന്നിവ പരിശോധിക്കുന്നതിനായി സബ് കളക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ജലസേചനവകുപ്പ്, റവന്യു വകുപ്പ്, വനം വകുപ്പ് എന്നിവര്‍ അടങ്ങുന്ന സംഘത്തെ കളക്ടര്‍ നിയോഗിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പോലീസ് മേധാവി ജി ജയദേവ്, തിരുവല്ല സബ് കളക്ടര്‍ വിനയ് ഗോയല്‍, എഡിഎം ക്ലമന്റ് ലോപ്പസ്, ഡിഎംഒ(ആരോഗ്യം) ഡോ.എ.എല്‍. ഷീജ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം. പ്രീത, ജില്ലാ ഫയര്‍ ഓഫീസര്‍ എം.ജി. രാജേഷ് വിവിധവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments