Skip to main content

· വോട്ടെണ്ണലിനായി പ്രത്യേകം നിരീക്ഷകരെത്തും 

ആലപ്പുഴ: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മെയ് 23ന് രാവിലെ ആറ് മണിക്ക് എത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. വോട്ടെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കളക്ടർ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗണ്ടിങ്ങ് സെന്ററുകളിലേക്ക് പ്രവേശനമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് അതത് എ.ആർ.ഓമാർ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും. 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ ഓരോ വോട്ടിംങ് യന്ത്രത്തിലും രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്ക് പരിശോധിക്കാൻ പ്രത്യേകം നിരീക്ഷകരെ നിയമിക്കും. ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലായി നാല് വീതം നിരീക്ഷകരെയാണ് നിയമിക്കുന്നത്. ഇരു ലോക്‌സഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടാകും. ഓരോ യന്ത്രത്തിലേയും വോട്ടുകൾ എണ്ണി ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ നിരീക്ഷകരെ കൂടി ബോധ്യപ്പെടുത്തിയ ശേഷമാകും വരണാധികാരിക്ക് നൽകുന്നത്. കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, സൂക്ഷ്മ നിരീക്ഷകൻ, എന്നിവരുടെ സാന്നിധ്യത്തിലാണ് ഓരോ വോട്ടെണ്ണൽ മേശയിലുമുള്ള വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നത്. സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കും ഇത് പരിശോധിക്കാം. യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർണ്ണമായ ശേഷം ഓരോ നിയമസഭകളിൽ നിന്നും നിരീക്ഷകന്റെ സാന്നിധ്യത്തിൽ ഉപവരണാധികാരി നറുക്കെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രത്തിലെ രസീതുകൾ എണ്ണും. ഒരു സമയം ഒരു വിവിപാറ്റ് യന്ത്രത്തിലെ രസീതുകളാണ് എണ്ണുന്നത്. എണ്ണിതീർന്ന വോട്ടെണ്ണൽ യന്ത്രങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. ഒരു വോട്ടെണ്ണൽ മേശയിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും കൗണ്ടിംഗ് ഏജന്റുമാർക്കും മറ്റ് മേശകളുടെ സമീപത്തേക്ക് പോകാൻ അനുവാദമില്ല. ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടിങ്ങ് യന്ത്രങ്ങൾ എണ്ണുന്നതിനായി 14 വോട്ടെണ്ണൽ മേശകളും ഉപവരണാധികാരിക്കുള്ള ഒരു മേശയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരു മണ്ഡലങ്ങളിലേയും പോസ്റ്റൽ ബാലറ്റുകൾ, ഇലക്ട്രോണിക് ബാലറ്റുകൾ എന്നിവ എണ്ണുന്നതിനായി കലക്ടറേറ്റിൽ പ്രത്യേക സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ലിയോ തേർട്ടീന്ത് സ്‌കൂൾ, സെന്റ് ജോസഫ്‌സ് സ്‌കൂൾ, സെന്റ് ജോസഫ്‌സ് കോളജ്, തിരുവമ്പാടി സ്‌കൂൾ, എസ്.ഡി. കോളജ് എന്നിവിടങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത്. യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ.എം.ടോമി, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

date