ജില്ലാ ഉപഭേക്തൃതര്‍ക്ക പരിഹാര ഫോറം അംഗത്തിന്റെ നിയമനത്തിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (ജനറല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും കഴിവും ആര്‍ജവവുമുള്ളവരായിരിക്കണം അപേക്ഷകര്‍. 35 വയസോ അതിനുമുകളിലോ പ്രായമുണ്ടായിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 10ന് മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്നും ചുരുക്കപ്പട്ടിക തയാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യാത്രാബത്തയോ മറ്റ് ചെലവുകളോ അനുവദിക്കില്ല. (പിഎന്‍പി 1189/19)
- Log in to post comments