Skip to main content

ജില്ലയ്ക്ക് പച്ചക്കറികൃഷിയുടെ വികസനത്തിനായി  3 കോടി 72 ലക്ഷം അനുവദിച്ചു · ഓണത്തിന് ഒരുമുറം പച്ചക്കറിക്കായി   കർഷകർക്ക് 3,00,000 പച്ചക്കറി വിത്തു കിറ്റ് · വിദ്യാർത്ഥികൾക്ക് 1,50,000 പച്ചക്കറി വിത്തു കിറ്റ് · 13,00,000 പച്ചക്കറി തൈകൾ ജില്ലയിൽ സൗജന്യമായി വ

 ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച ജില്ലയ്ക്ക് പ്രളയാനന്തരം നെൽകൃഷിക്ക് സർക്കാർ നൽകിയ പിന്തുണയ്ക്ക് പിന്നാലെ, ജില്ലയിലെ പച്ചക്കറി കൃഷിയുടെ വികസനത്തിന് മൂന്നുകോടി 72 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി ലക്ഷ്യമാക്കി കർഷകർക്ക് 3,00,000 പച്ചക്കറി വിത്തു കിറ്റും വിദ്യാർത്ഥികൾക്ക് 1,50,000 പച്ചക്കറി വിത്തു കിറ്റും വിതരണം ചെയ്യുന്നതിനോടൊപ്പം 13,00,000 പച്ചക്കറി തൈകൾ ജില്ലയിൽ സൗജന്യമായി കൃഷി വകുപ്പ് വിതരണം ചെയ്യും.     പച്ചക്കറി തൈകൾ ജില്ലയിലെ പച്ചക്കറി വികസന പദ്ധതി പ്രകാരമുള്ള കൃഷിവകുപ്പിന്റെ നഴ്‌സറികളിലാണ് ഉല്പാദിപ്പിച്ച് വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.
         വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് ഹെക്ടർ വീതമുള്ള ക്ലസ്റ്ററുകൾ കൃഷിഭവൻ തലത്തിൽ രൂപവത്കരിച്ചിട്ടുണ്ട്.  ജില്ലയിലെ 90 ക്ലസ്റ്ററുകൾക്ക് 75000 രൂപ വീതം ധനസഹായം നൽകും.  ഈ ക്ലസ്റ്ററുകൾ 2 ഹെക്ടർ വരെ അധികം സ്ഥലത്ത് കൃഷിചെയ്യുന്നതിന് ഒരു ഹെക്ടറിന് 15000 രൂപ നിരക്കിൽ ഇവർക്ക് ധനസഹായം നൽകും. ജില്ലയിൽ 300 ഹെക്ടർ അധിക സ്ഥലത്ത് കൃഷിചെയ്യുന്നതിന് ധനസഹായം നൽകുന്നതാണ്. 
     പച്ചക്കറി കർഷകർക്ക് പമ്പ് സെറ്റ്, സസ്യസംരക്ഷണ ഉപകരണം എന്നിവ 50 ശതമാനം സബ്‌സിഡി നിരക്കിൽ അനുവദിക്കും.    തരിശ് സ്ഥലത്ത് കൃഷിയിറക്കുന്നത് ഈ സാമ്പത്തിക വർഷം 95 ഹെക്ടർ സ്ഥലത്ത് 30,000 രൂപ നിരക്കിൽ ധനസഹായം നൽകും.      മഴമറ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 100 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള മഴമറയ്ക്ക് പരമാവധി 75 ശതമാനം സബ്‌സിഡി നിരക്കിൽ 50000 രൂപ വരെ ധനസഹായം നൽകും. ഈ സാമ്പത്തിക വർഷം 100 മഴമറ യൂണീറ്റുകൾക്ക് സഹായധനം നൽകും.     നൂതന കൃഷിരീതിയായ കൃത്യത കൃഷിയിൽ കണിക ജലസേചനം, ഫെർട്ടിഗേഷൻ ഉൾപ്പെടെ ചെയ്യുന്നതിന് 50 സെന്റിന്റെ യൂണിറ്റിന് 30000 രൂപ എന്ന നിരക്കിൽ 40 യൂണിറ്റിന് സബ്‌സിഡി നൽകുന്നതാണ്.
     കുറഞ്ഞ സ്ഥലത്ത് കണിക ജലസേചനം നടത്തുന്നതിനായി ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം സ്ഥാപിക്കുന്നതിന് ഒരു യൂണീറ്റിന് 7500 രൂപ നിരക്കിൽ സബ്‌സിഡി അനുവദിക്കും.    അതാതു പഞ്ചായത്തുകളിൽ തന്നെ പച്ചക്കറി തൈകൾ  ഉത്പാദിപ്പിക്കുന്നതിനായി ചെറിയ പച്ചക്കറി നഴ്‌സറികൾ സ്ഥാപിക്കുന്നതിന് 3.5 ലക്ഷം രൂപ ജില്ലക്ക് അനുവദിച്ചിട്ടു്. 1 സ്‌ക്വയർ മീറ്ററിന് 1400 രൂപ സബ്‌സിഡി നൽകുന്നതാണ്.

    പൊതുസ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോജക്ട് അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് 11 ലക്ഷം രൂപ ഈ സാമ്പത്തിക വർഷം നീക്കിവച്ചിരിക്കുന്നു.      ജില്ലയിൽ 130 സ്‌കൂളുകളിൽ 10 സെന്റ് കുറയാത്ത സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് 4000 രൂപ നിരക്കിൽ സബ്‌സിഡി നൽകുന്നുണ്ട്. സ്‌കൂളുകളിൽ ജലസേചനം നടത്തുന്നതിന് 3 യൂണിറ്റ് പമ്പ് സെറ്റ് സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതാണ്.
    പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഗത്തി, മുരിങ്ങ, കറിവേപ്പ് , പപ്പായ തുടങ്ങിയവയുടെ തൈകളടങ്ങിയ 100 രൂപ വിലവരുന്ന 4000 കിറ്റുകൾ 50 ശതമാനം സബ്‌സിഡിയോടെ വിതരണം ചെയ്യും.     പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 25,000 രൂപ സബ്‌സിഡി അനുവദിക്കും. കൂടാതെ ദീർഘകാല പച്ചക്കറി ഇനങ്ങളുടെ കൃഷി ചെയ്യുന്നതിന് ഒരു ഹെക്ടറിന് 20,000 രൂപ സബ്‌സിഡി നൽകുന്നതാണ്. 
         അധിക ഉത്പാദന സമയങ്ങളിൽ ഒരാഴ്ചവരെ പച്ചക്കറികൾ സൂക്ഷിക്കുന്നതിന് 50 ഊർജ്ജരഹിതശീതീകരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് യൂണീറ്റൊന്നിന് 15000 രൂപ സബ്‌സിഡിയായി നൽകുന്നു.     പച്ചക്കറിയിൽ സമഗ്രവികസനം കൈവരിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ്  ജില്ലയിൽ പദ്ധതികൾ നടപ്പിലാക്കുന്നത്. ഗുണഭോക്താക്കൾ ആകുവാൻ താത്പര്യമുള്ള എല്ലാ കർഷകരും അതതു കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.കെ.ഷീല പണിക്കർ അറിയിച്ചു.  
 

date