Skip to main content

മെച്ചപ്പെട്ട സൗകര്യങ്ങളുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക്് 

 

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് യാഥാര്‍ഥ്യമാകുന്നു. ബ്ലഡ് ബാങ്ക് നിര്‍മാണം ആരംഭിക്കുന്നതിനുളള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. ആരോഗ്യ കേരളം പദ്ധതിയിലുള്‍പ്പെടുത്തി 70 ലക്ഷം രൂപ ചെലവിലാണ് ബ്ലഡ് ബാങ്ക് സ്ഥാപിക്കുക. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ ശക്തിപെടുത്തുന്നതിനും ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിക്ക് കീഴിലാണ് ആരോഗ്യ കേരളം പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് മാത്രമാണ് ഉള്ളത്. എന്നാല്‍ ഇത് അപര്യാപ്തമായതിനാലാണ് പുതിയ ബ്ലഡ് ബാങ്ക് നിര്‍മിക്കുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.

പൂര്‍ണ സജ്ജമായ ബ്ലഡ് ബാങ്കും ബ്ലഡ്് കമ്പോണന്റ് സെപ്പറേഷനുമാണ് പുതിയ ബ്ലഡ് ബാങ്കിലുണ്ടാവുക. കമ്പോണന്റ് സെപ്പറേഷന്‍ ഉള്ളതിനാല്‍ ഒരു യൂണിറ്റ് ബ്ലഡില്‍ നിന്ന് നാല് പേര്‍ക്ക് വരെ ഗുണം ലഭിക്കും. ബ്ലഡ് ബാങ്കിലെ ട്രോമാ കെയര്‍ സൗകര്യം കൂടി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്  ബ്ലഡ് ബാങ്ക് നിര്‍മ്മിക്കുക. ബ്ലഡ് സ്റ്റോറേജ് സെന്റര്‍ സൗകര്യം വഴി അഞ്ച് യൂണിറ്റ് ബ്ലഡ് മാത്രമേ ഇപ്പോള്‍ ഒരേ സമയം സൂക്ഷിക്കാന്‍ സാധിക്കുകയുളളൂ. ഒരേ സമയം നൂറ് യൂണിറ്റ് ബ്ലഡ് സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ബ്ലഡ് ബാങ്ക് നിര്‍മിക്കുകയെന്നും എന്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.എബി സുഷന്‍ പറഞ്ഞു.                   (പിഎന്‍പി 1399/19)

date