ഭിന്നശേഷിക്കാരായ കുട്ടികളുടെ മികവിനായി സമഗ്രശിക്ഷ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സമഗ്രശിക്ഷ കേരള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഇത്തരം കുട്ടികളെ സഹായിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ 105 റിസോഴ്‌സ് അധ്യാപകരെ ജില്ലയില്‍ നിയമിച്ചു. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലേക്ക് പ്രത്യേകമായാണ് നിയമനം. ഭിന്നശേഷിക്കാരായ കുട്ടികളെ സംബന്ധിച്ച സര്‍വെ ആരംഭിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി റിസോഴ്‌സ് അധ്യാപകരെ വിവിധ സ്‌കൂളുകളിലായി ബന്ധപ്പെട്ട ബി.ആര്‍.സികള്‍ വിന്യസിക്കും. യാത്രാക്ലേശം അനുഭവിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക അലവന്‍സ്, കുട്ടിയുടെ പിന്നോക്കാവസ്ഥ പരിഗണിച്ചുള്ള സഹായ ഉപകരണങ്ങള്‍, സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം, വിവിധ ക്യാമ്പുകള്‍, രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തന പരിപാടികള്‍ ഇക്കൊല്ലം സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടക്കും.
ഈ അധ്യയന വര്‍ഷം നടക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി അടൂര്‍ ബി.ആര്‍.സിയില്‍ യോഗം ചേര്‍ന്നു. സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ.പി ജയലക്ഷ്മി, പി.എ സിന്ധു, ജില്ലയിലെ ബി.പി.ഒമാര്‍, റിസോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. റിസോഴ്‌സ് അധ്യാപകര്‍ക്കുള്ള ക്ലാസ് മുന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സാം.ജി.ജോണ്‍ നയിച്ചു.
(പിഎന്‍പി 1416/19)
- Log in to post comments