Skip to main content

റിലേഷന്‍ഷിപ്പ് കേരള: ജില്ലാതല ഉദ്ഘാടനം നാളെ(29)

 

വയോജനങ്ങള്‍, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേഷന്‍ഷിപ്പ് കേരളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (29) രാവിലെ 11.30ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈദ്യുതിമന്ത്രി എം.എം.മണി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോബിന്‍ പീറ്റര്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷംല ബീഗം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ഗ്രാമപഞ്ചായത്തംഗം അന്നമ്മ ഫിലിപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു തുടങ്ങിയവര്‍ സംസാരിക്കും. 

ഇതോടനുബന്ധിച്ച് രാവിലെ 9.30 ന് മെഡിക്കല്‍ ക്യാമ്പ് നടത്തും. തുടര്‍ന്ന് വയോജന ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അഡ്വ.കമലാസനന്‍ കാര്യാട്ട് ക്ലാസ് നയിക്കും. 

സമൂഹത്തിലെ എല്ലാ മേഖലകളിലും വയോജന, ഭിന്നശേഷി, ട്രാന്‍സ് ജെന്റര്‍ സൗഹൃദ രീതികള്‍ അവലംബിക്കത്തക്ക വിധത്തില്‍  ഈ വിഭാഗങ്ങള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുവാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനം  കൂടുതല്‍  സംഘടിതവും ആസൂത്രിതവുമാക്കുന്നതിന് പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ ശാക്തീകരണം പ്രത്യേക പദ്ധതിയായി നടപ്പാക്കുവാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ്  റിലേഷന്‍ ഷിപ്പ് കേരള.  ഇതുവരെ 77 വയോജന അയല്‍ക്കൂട്ടങ്ങളും 24 ഭിന്നശേഷി അയല്‍ക്കൂട്ടങ്ങളും രൂപീകരിച്ചു കഴിഞ്ഞു. ഇവരെ മൈക്രോ സംരംഭ മേഖലയില്‍ എത്തിക്കുന്നതിനും അതുവഴി ഉപജീവന മാര്‍ഗം കണ്ടെത്തി നല്‍കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.                     (പിഎന്‍പി 1558/19)

date