റീബിൽഡ് കേരള: പൂർണനാശം സംഭവിച്ചവർക്കുള്ള 691 വീടുകൾ പൂർത്തിയായി
ആലപ്പുഴ: റീബിൽഡ് കേരള വഴിയുള്ള പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി പ്രളയത്തിൽ വീടുകൾക്ക് പൂർണനാശം സംഭവിച്ച അപേക്ഷകരിൽ ജില്ലയിൽ 691 വീടുകൾ പൂർത്തിയായി. 75 മുതൽ 100 ശതമാനം വരെ നാശനഷ്ടമുണ്ടായതാണ് പൂർണമായും നശിച്ചതായി കണക്കാക്കുന്നത്. പൂർണനാശനഷ്ടമുണ്ടായവരിൽ സ്വന്തമായി വീടു നിർമിച്ചുകൊള്ളാമെന്ന് സമ്മതിച്ച 1595 പേർക്ക് ആദ്യഗഡു നൽകിയിരുന്നു. കെയർ ഹോം പദ്ധതിയിൽ 51 വീടുകളും പ്രായോജകർ വഴി 324 വീടുകളും പൂർണമായും പൂർത്തിയായിട്ടുണ്ട്. 465 വീടുകളാണ് പ്രായോജകർ വഴി നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
ആദ്യഗഡു വാങ്ങിയതിൽ 316 വീടുകൾ ഇതിനകം പൂർത്തിയായി. ആദ്യഗഡു വാങ്ങിയ 561 പേർ മൂന്നാം ഗഡുവും കൈപ്പറ്റി. ഈ 561 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. റീബിൽഡ് ആപ്പിൽ വന്ന ഭൂരിഭാഗം പേർക്കും ആദ്യഗഡു ഇതിനകം നൽകിയിട്ടുണ്ട്. അപ്പീൽ കേസുകളും സർക്കാർ പരിഗണിച്ചുവരികയാണ്. വീടുകൾക്ക് ഭാഗികമായി നഷ്ടം സംഭവിച്ചവരിൽ 15 ശതമാനം വരെ നാശമുണ്ടായതായി റീബിൽഡ് ആപ്പിൽ കണക്കാക്കിയ എല്ലാവർക്കും 10000 രൂപ നൽകി. 30472 പേർക്കാണ് ആപ്പിൽ നിന്ന് ഈ വിഭാഗത്തിലായി പണം നൽകിയത്.
റീബിൽഡ് ആപ്പിൽ 16 മുതൽ 29 ശതമാനം വരെ നഷ്ടം വന്നതായി രേഖപ്പെടുത്തിയ 18609 പേർക്കും പണമെത്തിക്കഴിഞ്ഞു. 30 മുതൽ 59 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തിയ 9252 പേരിൽ ഭൂരിപക്ഷത്തിനും പണം നൽകിയിട്ടുണ്ട്. 60-74 ശതമാനം നഷ്ടമുണ്ടായവർക്കും പണം നൽകി. ഇനിയും അപ്പീൽ നൽകാൻ ഒരവസരം കൂടി സർക്കാർ നൽകിയിട്ടുണ്ട്. അപ്പീലുകൾ ജൂൺ 30 വരെ തദ്ദേശഭരണസ്ഥാപനങ്ങളിൽ നൽകാം. പ്രളയത്തെത്തുടർന്ന് ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്ത 165848 കുടുംബങ്ങൾക്ക് പ്രാഥമികാശ്വാസ സഹായധനമായി 10000 രൂപ വീതം നൽകിയിരുന്നു.
യോഗ സർട്ടിഫിക്കറ്റ്: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ ആരംഭിച്ച എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി. ഓഫീസിൽ ലഭിക്കും. യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും അറിവ് ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി. വിശദാംശങ്ങൾ www.src.kerala.gov.in, www.srccc.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33.. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ജില്ലയിലെ പഠന കേന്ദ്രം ആലപ്പുഴ തോണ്ടൻകുളങ്ങരയാണ്. ഫോൺ: 9961600526,9567181235
- Log in to post comments