Skip to main content

കര്‍ഷകര്‍ക്ക് താങ്ങായി ക്ഷീരവികസന വകുപ്പ്

 

 പശുക്കളും തൊഴുത്തും ഉള്‍പ്പെടെ പ്രളയത്തില്‍ വലിയ നാശം സംഭവിച്ച ജില്ലയിലെ ക്ഷീര കര്‍ഷകരെ അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സഹായിച്ചത് ക്ഷീര വികസന വകുപ്പിന്റെ സമയോചിതമായ പ്രവര്‍ത്തനങ്ങളാണ്.  പ്രളയാനന്തര പ്രത്യേക പുനരധിവാസ പദ്ധതി  പ്രകാരം ക്ഷീരവികസനവകുപ്പ് വഴി 2.429 കോടി രൂപ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കായി വിനിയോഗിച്ചെന്ന് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സില്‍വി മാത്യു അറിയിച്ചു. 

 പ്രളയത്തെ അതിജീവിച്ച ജില്ലയില്‍ 2018-19 സാമ്പത്തികവര്‍ഷം പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണം 165.18 ലക്ഷം ലിറ്ററായി നിലനിര്‍ത്താന്‍ സാധിച്ചു. ഒരു പശുവിനെ വാങ്ങുന്നതിനായി 145 കര്‍ഷകര്‍ക്ക് ധനസഹായമായി 47,85,000 രൂപ  അനുവദിച്ചു. രണ്ടു പശുക്കളെ വാങ്ങുന്നതിനായി 97 കര്‍ഷകര്‍ക്ക്  64,02,000 രൂപയും തൊഴുത്ത് നിര്‍മിക്കുന്നതിനായി 65 കര്‍ഷകര്‍ക്ക് 32,50,000 രൂപയും നല്‍കി. 70,000 രൂപയ്ക്കുള്ള ധാതുലവണ മിശ്രിതം ജില്ലയില്‍ വിതരണം ചെയ്തു.  അവശ്യാധിഷ്ഠിത ധനസഹായമായി (തൊഴുത്ത് നവീകരണം, അനുബന്ധ ഉപകരണങ്ങള്‍) 84,50,000 രൂപ 407 കര്‍ഷകര്‍ക്ക് അനുവദിച്ചു.  കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന ആധുനിക കാലിത്തൊഴുത്ത് നിര്‍മിച്ച 11 കര്‍ഷകര്‍ക്ക് 11 ലക്ഷം രൂപയും അനുവദിച്ചു.

ത്രിതല പഞ്ചായത്ത് പദ്ധതി പ്രകാരം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 22,90,676 രൂപ ചെലവഴിച്ച് 80 പശുക്കളെയും, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2.50 ലക്ഷം രൂപ ചെലവഴിച്ച് 10 പശുക്കളെയും, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 1,10,000 രൂപ ചെലവഴിച്ച് നാലു പശുക്കളെയും വിതരണം ചെയ്തു. ഒരു ലക്ഷം രൂപയുടെ തീറ്റപ്പുല്‍ നടീല്‍ വസ്തുക്കളും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തു.                            (റീബില്‍ഡ് 2/19)

date