തെരുവ് നായ ശല്യം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിര നടപടികളെടുക്കാൻ ദുരന്ത നിവാരണ ആക്റ്റ് പ്രകാരം ജില്ല കളക്ടറുടെ ഉത്തരവ്
ആലപ്പുഴ:തെരുവ് നായ ശല്യം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ എല്ലാ നടപടികളും കൈക്കൊള്ളാൻ ദുരന്ത നിവാരണ ആക്റ്റ് പ്രകാരം ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള ഉത്തരവിറക്കി.മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിഷ്കർഷിക്കുന്ന എല്ലാ ക്രമീകരണങ്ങളും അടിയന്തിരമായി നടപ്പാക്കണം.ഇതിൽ വീഴ്ച വരുത്തുന്ന ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തെരുവ് നായ നിയന്ത്രണ നടപടികൾ വിശകലനം ചെയ്യാൻ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ കളക്ടർ വ്യക്തമാക്കി.
നായകളുടെ വാക്സിനേഷൻ കാമ്പയിൻ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്.എ ബി സി പ്രകാരമുള്ള വന്ധ്യംകരണം കൂടുതൽ ശക്തമാക്കും.ഇതിനകം 4771 നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിട്ടുണ്ട്.ആലപ്പുഴയിലെ വന്ധ്യംകരണ യൂണിറ്റിന്റെ ഇലെക്ട്രിഫിക്കേഷൻ നടക്കുകയാണെന്നും കായംകുളത്ത് പുതിയ യൂണിറ്റിന് നടപടി സ്വീകരിച്ചതായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.മൊബൈൽ എ ബി സി യൂണിറ്റ് പരിഗണനയിലുണ്ട്.
നായകളെ പിടികൂടാൻ ആവശ്യാനുസൃതം കൂടുതൽപേരെ നിയോഗിക്കും.നായ ശല്യദൗത്യത്തിനായി കൂടുതൽ മൃഗ ഡോക്ടർമാരെയും നിയമിക്കും.ഇതുസംബന്ധിച്ച് കുടുംബശ്രീക്ക് നിർദേശങ്ങൾ നൽകി.പിടികൂടിയ പട്ടികൾക്കായി കൂടുതൽ കൂടുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.പിടികൂടിയ പട്ടികൾക്കായി മാവേലിക്കര,കണിച്ചുകുളങ്ങര,ആലപ്പുഴ എന്നിവിടങ്ങളിൽ നിലവിൽ സങ്കേതങ്ങളുണ്ട്.കറ്റാനത്തും കായംകുളത്തും പുതിയ പുനരധിവാസ സങ്കേതങ്ങൾ തുടങ്ങുമെന്നും കളക്ടർ അറിയിച്ചു.
ചത്ത ഒരു നായയിൽ പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു.മറ്റൊന്ന് നിരീക്ഷണത്തിലാണ്.കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മൃഗ സംരക്ഷണ വകുപ്പ്,ആരോഗ്യ വകുപ്പ്,കുടുംബശ്രീ,തദ്ദേശസ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള അധികൃതർ പങ്കെടുത്തു.
- Log in to post comments