Skip to main content

ചെലവു നിരീക്ഷണത്തിന് സ്‌ക്വാഡുകള്‍ രംഗത്ത്

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി  ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ത്ഥികളും ചെലവഴിക്കുന്ന തുക കണക്കാക്കുന്നതിനുള്ള ചെലവ്  നിരീക്ഷണ സമതി സ്‌ക്വാഡുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ രജികുമാറാണ് നോഡല്‍ ഓഫീസര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതു മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള കാലപരിധിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ത്ഥിയും ചെലവഴിക്കുന്ന തുകയാണ് കമ്മറ്റി നിരീക്ഷിക്കുക.  ഓരോ സ്ഥാനാര്‍ത്ഥിയുടെയും ചെലവ് പ്രത്യേകം നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യും.തിരഞ്ഞെടുപ്പില്‍ ചെലവാക്കിയ തുക സംബന്ധിച്ച കണക്ക് ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം ഓരോ സ്ഥാനാര്‍ത്ഥിയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  അല്ലാത്തപക്ഷം 1951 ലെ റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ടിലെ 10 എ വകുപ്പ് പ്രകാരം സ്ഥാനാര്‍ത്ഥിയെ അയോഗ്യനായി പ്രഖ്യാപിക്കും. ഓരോ വിഭാഗങ്ങളിലും ഓരോ സ്ഥാനാര്‍ത്ഥിക്കുമുണ്ടാകുന്ന ചെലവ് ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.

കണ്‍സീലിയേഷന്‍ ഓഫീസര്‍മാരാകാം

ആലപ്പുഴ: രക്ഷാകര്‍ത്താക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും പരിചരണവും സംബന്ധിച്ച നിയമപ്രകാരം ആലപ്പുഴ സബ് കളക്ടറുടെ  ഓഫീസില്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍മാരായി സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടേയും ദുര്‍ബല വിഭാഗങ്ങളുടേയും ക്ഷേമത്തിനു വേണ്ടിയോ അല്ലെങ്കില്‍ വിദ്യാഭ്യാസ-ആരോഗ്യ-ദാരിദ്ര്യനിര്‍മാര്‍ജന-സ്ത്രീ ശാക്തീകരണ-സാമൂഹികക്ഷേമ ഗ്രാമവികസന മേഖലകളിലോ കളങ്കരഹിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പാരമ്പര്യം ഉണ്ടായിരിക്കണം. സംഘടനയുടെ മുതിര്‍ന്ന ഭാരവാഹി ആയിരിക്കണം. നിയമപരിജ്ഞാനമുണ്ടായിരിക്കണം. ഒന്നോ അതിലധികമോ മേഖലകളില്‍ പൊതു പ്രവര്‍ത്തനത്തില്‍  മികച്ചതും കറയറ്റതുമായ റിക്കാര്‍ഡ് ഉണ്ടായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 10. ഫോണ്‍: 0477 2263441

 

date