ഓട്ടന്‍തുള്ളലില്‍ വോട്ടാവേശം പകര്‍ന്ന് സ്വീപ് സംഘം
ആലപ്പുഴ: വോട്ടവകാശത്തിന്റെ പ്രാധാന്യം ഓട്ടന്‍തുള്ളലിലൂടെ അവതരിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ ബോധവത്കരണ പരിപാടിയുമായി സ്വീപ്പ്. പെരുമ്പളം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നിലാണ് സ്വീപ്പിന്റെ ഓട്ടന്‍തുള്ളല്‍ അവതരണം അരങ്ങേറിയത്. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ജയരാജാണ് തുള്ളല്‍ പാട്ടിന്റെ വരികളിലൂടെ സമമദിദായകര്‍ക്കായുള്ള ബോധവത്കരണ പരിപാടി അവതരിപ്പിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ സമ്മദിദാനാവകാശത്തിന്റെ പ്രധാന്യം വിവരിച്ചുകൊണ്ടുള്ള തുള്ളല്‍ പാട്ടിന്റെ ഈരടികള്‍ സദസ്സ് ഏറെ രസകരമായാണ് ആസ്വദിച്ചത്. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഷറഫ് പി. ഹംസ, സ്വീപ്പ് ടീം അംഗങ്ങളായ സജിത്ത്, പ്രദീപ്, ജിനു, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ചിത്രമുണ്ട്)
ദുരന്തലഘൂകരണ ദിനാചരണം:
മോക്ക് ഡ്രില്‍ നടത്തി
ആലപ്പുഴ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തി. ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോര്‍സിന്റെ സഹായത്തോടെ ആലപ്പുഴ ലജനത്തുല്‍ മുഹമ്മദന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു മോക്ക് ഡ്രില്‍. അടിയന്തിര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സ്നോ ഗണ്‍, അയണ്‍ കട്ടര്‍, തീ അണയ്ക്കാനുള്ള സംവിധാനങ്ങള്‍, ലാഡര്‍ എസ്‌കേപ്പ് തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. ജില്ല ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ചിന്തു ചന്ദ്രന്‍, യു.എന്‍.ഡി.പി. പ്രോഗ്രാം മാനേജര്‍ ശരത്ത്കുമാര്‍, സ്പിയര്‍ ഇന്ത്യ പ്രതിനിധി സിനോജ് പി.എക്സ്. എന്നിവര്‍ നേതൃത്വം നല്‍കി. ഫയര്‍ ആന്റ് റെസ്‌ക്യൂ ലീഡിംഗ് ഫയര്‍മാന്‍മാരായ സി. രാജന്‍, അല്‍ അമീന്‍, ഫയര്‍മാന്മാരായ എന്‍.ആര്‍. ഷൈജു, ജയകൃഷ്ണന്‍, കൃഷ്ണദാസ്, നിയാസ്, അരുണ്‍ രാജ്, അനീഷ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് മോക്ക് ഡ്രില്‍ നടത്തിയത്.
- Log in to post comments