Skip to main content

മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ആലപ്പുഴ : ഭരണഘടനാ ശില്‍പ്പിയായ ഡോ:ബി.ആര്‍ അംബേദകറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ 2019-ലെ മാധ്യമ പരസ്‌കാരങ്ങള്‍ ഗദ്ദിക വേദിയില്‍ നടന്ന സമ്മേളനത്തില്‍ വിതരണം ചെയ്തു. സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ആര്‍. രാജേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ
ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാധ്യമപ്രവര്‍ത്തകരാണ് പട്ടികജാതി,പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിരിക്കുന്നതെന്ന് അവാര്‍ഡുകളുടെ വിതരണം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പട്ടികജാതി വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ്  പുരസ്‌കാരങ്ങള്‍ നല്‍കിയത്.

അച്ചടി മാധ്യമ വിഭാഗത്തില്‍ രാഷ്ട്രദീപിക ദിനപത്രത്തിലെ റെജി ജോസഫ് പുരസ്‌കാരം ഏറ്റുവാങ്ങി. 2019 ജൂലൈ 3 മുതല്‍ 5 വരെ പ്രസിദ്ദീകരിച്ച 'ഗോത്രമക്കള്‍ക്ക് പുതിയ പാഠങ്ങള്‍' എന്ന  റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയ വണ്‍ ടിവിയിലെ  സോഫിയ ബിന്ദ് പുരസ്‌കാരം ഏറ്റുവാങ്ങി. 2019 ഫെബ്രുവരി 3 ന് സംപ്രേക്ഷണം ചെയ്ത 'ഉരുക്കിനിടയില്‍ ഞെരിഞ്ഞമര്‍ന്നവര്‍' എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം.30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. കൂടാതെ കൈരളി ടി.വിയില്‍ 2019 ജൂണ്‍ 24 ന് സംപ്രേക്ഷണം ചെയ്ത 'ദ്രാവിഡ ദേശത്തെ ജാതി വെറി' എന്ന റിപ്പോര്‍ട്ടിന് ലെസ്ലി ജോൺ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.

ശ്രവ്യ മാധ്യമ വിഭാഗത്തില്‍  കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്.എം റേഡിയോയിലെ ദീപ്തി പിയാണ്
അര്‍ഹയായത്.   2019 ഓഗസ്ത് 3 മുതല്‍ 8 വരെ  തയ്യാറാക്കി പ്രക്ഷേപണം ചെയ്ത 'മുറവും മണിയും' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

പി.ആര്‍.ഡി ഡയറക്ടര്‍ യു.വി ജോസ് ചെയര്‍മാനും ഉണ്ണി ബാലകൃഷ്ണന്‍ ,ആര്‍.എസ്.ബാബു, സരസ്വതി നാഗരാജന്‍ , ജി.പി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.സുമ, ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ ബി.ബഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

date