Skip to main content

ദുരന്തങ്ങള്‍ നേരിടാന്‍ കേരള സിവില്‍ ഡിഫന്‍സ് വിഭാഗം;  സന്നദ്ധരായവര്‍ക്ക് പങ്കാളികളാകാന്‍ അവസരം

ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകളെ ഓരോ പ്രദേശത്തും സന്നദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ അഗ്നിരക്ഷാ വകുപ്പിന് കീഴില്‍ 'കേരള സിവില്‍ ഡിഫന്‍സ് ' എന്ന വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. നിലവില്‍ 124 ഫയര്‍ സ്റ്റേഷനുകള്‍ക്ക് അനുബന്ധമായി 50 പേരടങ്ങുന്ന ഓരോ സിവില്‍ ഡിഫന്‍സ് യൂണിറ്റാണ് രൂപീകരിക്കുക. അത്തരത്തില്‍ കേരളത്തിലാകെ 6200 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ ഉണ്ടാകും.  മത്സ്യത്തൊഴിലാളികള്‍, ആദിവാസി വിഭാഗത്തിലുള്ളവര്‍ തുടങ്ങിയവരുടെ പ്രാതിനിധ്യം ഉണ്ടാകും. സന്നദ്ധതയുള്ള യുവാക്കളും യുവതികളും സിവില്‍ ഡിഫന്‍സിന്റെ ഭാഗമാകും. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ജനകീയ ദുരന്ത പ്രതികരണ സേനയില്‍ ഉണ്ടാകും. 30 ശതമാനം വനിതാ പ്രാതിനിധ്യമാണ് സന്നദ്ധസേനയുടെ സവിശേഷതകളില്‍ ഒന്ന്.

  വോളണ്ടിയര്‍മാരുടെ മുന്‍കാല പ്രവര്‍ത്തനം, സ്വഭാവ സവിശേഷത തുടങ്ങിയവ പരിശോധിച്ച് യോഗ്യത ഉറപ്പാക്കും. സമഗ്ര പരിശീലനം ഇവര്‍ക്ക് നല്‍കും. വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കല്‍ ഉള്‍പ്പെടെ പരിശീലനം ഉണ്ടാകും. പ്രകൃതി ദുരന്തം മാത്രമല്ല, വാഹനാപകടങ്ങളും മറ്റെല്ലാ പ്രശ്‌നങ്ങളും നേരിടാനാവുന്ന സേനയായി ഇതിനെ മാറ്റും. ഏകോപിപ്പിക്കാന്‍ ഡയറക്ടറേറ്റും ഉണ്ടാകും.

  സോഷ്യല്‍ മീഡിയയുടെ സാധ്യത പ്രളയകാലത്തൊക്കെ യുവാക്കള്‍ മികച്ച രീതിയില്‍ ഉപയോഗിച്ചതാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ നല്ല വശങ്ങള്‍ പ്രയോജനപ്പെടുത്തും. അടുത്ത ഘട്ടത്തില്‍ ആധുനിക സാങ്കേതികവിദ്യാ സഹായത്തോടെ തല്‍സമയ വിവരവിനിമയ സംവിധാനം കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമാക്കും. ദുരന്തങ്ങളെ അതിജീവിക്കാന്‍ കൃത്യമായ അവബോധം ജനങ്ങള്‍ക്കുണ്ടാവുക പ്രധാനമാണ്. അതും ഈ സേനയുടെ ദൗത്യമാകും. വിവിധ രാജ്യങ്ങളിലെ സിവില്‍ ഡിഫന്‍സ് അനുഭവങ്ങള്‍ മാതൃകയാക്കും.

ഇനിയൊരു ദുരന്തത്തിനും നമ്മുടെ നിലനില്‍പിനെ തകര്‍ക്കാന്‍ കഴിയരുത്.  എന്ത് അത്യാഹിതങ്ങള്‍ ഉണ്ടായാലും അവയെ ചെറുത്ത് തോല്‍പിക്കാന്‍ നമുക്ക് കഴിയണം.(അതിന് കഴിവുള്ള ഒരു സന്നദ്ധ സേന നമുക്ക് ഉണ്ടാകണം). പരസ്പരമുള്ള കൂട്ടായ്മയിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയും മാത്രമേ ദുരന്തങ്ങള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുള്ള ആഘാതങ്ങളെ നമുക്ക് മറികടക്കാന്‍ കഴിയൂ. ഇതിനായി അഗ്നിരക്ഷാ വകുപ്പിന് കീഴില്‍ രൂപീകൃതമായിട്ടുള്ള 'കേരള സിവില്‍ ഡിഫന്‍സില്‍ അംഗമാകൂ... നാടിന്റെ സുരക്ഷയില്‍ പങ്ക് ചേരൂ... അതുവഴി നമുക്കും നമ്മോടൊപ്പം ഉള്ളവര്‍ക്കും സുരക്ഷിതരാകാം... സിവില്‍ ഡിഫന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് cds.fire.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

date