Skip to main content

ഉത്സവ പ്രതീതിയിൽ കായംകുളംനഗരസഭയുടെ ലൈഫ് കുടുംബസംഗമം 

 

 

ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്റെ സംത്യപ്തിയും ആഹ്ലാദവും തുടിച്ച ഉത്സവാന്തരീക്ഷത്തിൽ കായംകുളം ലൈഫ് മിഷന്‍-പി.എം.എ.വൈ (നഗരം) ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും. ലൈഫ് മിഷന്‍ വഴി 2 ലക്ഷം വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ സംസ്ഥാന തല പ്രഖ്യാപനം ജനുവരി 26 ന് നടക്കുന്നതിന് മുന്നോടിയായി  കായംകുളം കാദീശാ ഓർത്തഡോക്സ്‌ ചർച്ച്  ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ.എ.എം.ആരിഫ് എം. പി.ഉദ്ഘാടനം ചെയ്തു.

 

 കേരളത്തിൽ എല്ലാവർക്കും തലചായ്ക്കാൻ ഇടമുണ്ടെന്ന് ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ അനുബന്ധ പദ്ധതികളിലൂടെ പരിപൂർണ്ണ ജീവിത സുരക്ഷിതത്വവും ഉറപ്പാക്കുകയാണെന്ന് എം.പി പറഞ്ഞു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇതു പോലെ മഹത്തായ പദ്ധതിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയാണ് സർക്കാരിന്റെ പ്രവർത്തനമെന്നതിന്റെ സാക്ഷ്യപത്രമാണ് ലൈഫ് മിഷന്റെ ഉജ്ജ്വല നേട്ടമെന്ന് അഡ്വ. യു.പ്രതിഭ എം.എല്‍.എ  അദ്ധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു.

801ലൈഫ് മിഷൻഗുണഭോക്താക്കളും കുടുംബാംഗങ്ങളുമുൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേർ സംഗമത്തിനെത്തി. ഗുണഭോക്തക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി കുടുംബസംഗമത്തോടൊപ്പം പതിനെട്ട് വകുപ്പുകളുടെ പങ്കാളിത്തവും ഉറപ്പാക്കിയാണ് അദാലത്ത് സംഘടിപ്പിച്ചത്.

നഗരസഭ ചെയർമാൻ അഡ്വ. എൻ.ശിവദാസൻ, വൈസ് ചെയർ പേഴ്സൺ ആർ.ഗിരിജ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആറ്റക്കുഞ്ഞ്, ഷീബ ദാസ്, കരിഷ്മ, സജ്ന ഷെഹീർ, ഷാമില അനിമോൻ, ജനപ്രതിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, നഗരസഭ പ്രോജക്ട് ഓഫീസർ ബിന്ദു എസ്.നായർ എന്നിവർ സംഗിച്ചു.സെക്രട്ടറി ഇൻ ചാർജ് ജി.രാജേഷ്    റിപ്പോർട്ട് അവതരിപ്പിച്ചു

date