Skip to main content

അദാലത്തിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി ഗുണഭോക്താക്കള്‍

 

 

ആലപ്പുഴ: മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അദാലത്ത് ഗുണഭോക്താക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ഇരുപതോളം വകുപ്പുകളുടെ സഹകരണത്തോടെ ലൈഫ് മിഷന്‍  കുടുംബ സംഗമത്തോടൊപ്പം അദാലത്തും സംഘടിപ്പിച്ചത്. എണ്ണൂറിലധികം ഗുണണഭോക്താക്കളാണ് അദാലത്തിലൂടെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.

ലീഡ് ബാങ്ക്, വ്യവസായ വകുപ്പ്, സിവില്‍ സപ്ലൈസ്, ഐ.ടി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളിലെല്ലാം വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. പ്രധാന വകുപ്പുകള്‍ക്ക് പുറമേ മാവേലിക്കര ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളും പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ പ്രമുഖ കമ്പനികളുടെ കൗണ്ടറുകളും ഒരുക്കിയിരുന്നു. 

സിവില്‍ സപ്ലൈസ് വകുപ്പില്‍ ലഭിച്ച 44 അപേക്ഷകളില്‍ 22 എണ്ണം തീര്‍പ്പാക്കി. അക്ഷയയിലൂടെ 48 പേര് സേവനം ഉറപ്പാക്കി. കുടുംബശ്രീയില്‍ സ്വയം തൊഴിലുമായി ബന്ധപ്പെട്ട് 23 അപേക്ഷകളാണ് ലഭിച്ചത്. ജീവിതശൈലി രോഗങ്ങള്‍ പരിശോധിക്കാനായി ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ അവസരം ഒരുക്കിയിരുന്നു. ക്ഷീര വകുപ്പില്‍ 18ഉം പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 14 അപേക്ഷകളുമാണ് ലഭിച്ചത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും അനുകുല്യങ്ങളെ കുറിച്ചും ഗുണഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കാന്‍ സംഗമത്തിലൂടെ സാധിച്ചു.

date