ഉത്സവ പ്രതീതിയില്‍ കായംകുളംനഗരസഭയുടെ ലൈഫ് കുടുംബസംഗമം
ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്റെ സംത്യപ്തിയും ആഹ്ലാദവും തുടിച്ച ഉത്സവാന്തരീക്ഷത്തില്‍ കായംകുളം ലൈഫ് മിഷന്-പി.എം.എ.വൈ (നഗരം) ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും. ലൈഫ് മിഷന് വഴി 2 ലക്ഷം വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ സംസ്ഥാന തല പ്രഖ്യാപനം ജനുവരി 26 ന് നടക്കുന്നതിന് മുന്നോടിയായി കായംകുളം കാദീശാ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ.എ.എം.ആരിഫ് എം. പി.ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ എല്ലാവര്ക്കും തലചായ്ക്കാന്‍ ഇടമുണ്ടെന്ന് ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ പദ്ധതികളിലൂടെ പരിപൂര്‍ണ്ണ ജീവിത സുരക്ഷിതത്വവും ഉറപ്പാക്കുകയാണെന്ന് എം.പി പറഞ്ഞു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇതു പോലെ മഹത്തായ പദ്ധതിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നതിന്റെ സാക്ഷ്യപത്രമാണ് ലൈഫ് മിഷന്റെ ഉജ്ജ്വല നേട്ടമെന്ന് അഡ്വ. യു.പ്രതിഭ എം.എല്‍.എ അദ്ധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു.
801ലൈഫ് മിഷന്ഗുണഭോക്താക്കളും കുടുംബാംഗങ്ങളുമുള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര് സംഗമത്തിനെത്തി. ഗുണഭോക്തക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി കുടുംബസംഗമത്തോടൊപ്പം പതിനെട്ട് വകുപ്പുകളുടെ പങ്കാളിത്തവും ഉറപ്പാക്കിയാണ് അദാലത്ത് സംഘടിപ്പിച്ചത്.
നഗരസഭ ചെയര്മാന് അഡ്വ. എന്‍.ശിവദാസന്‍, വൈസ് ചെയര്‍ പേഴ്സണ്‍ ആര്.ഗിരിജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആറ്റക്കുഞ്ഞ്, ഷീബ ദാസ്, കരിഷ്മ, സജ്ന ഷെഹീര്‍, ഷാമില അനിമോന്, ജനപ്രതിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, നഗരസഭ പ്രോജക്ട് ഓഫീസര്‍ ബിന്ദു എസ്.നായര്‍ എന്നിവര്‍ സംഗിച്ചു.സെക്രട്ടറി ഇന്‍ ചാര്‍ജ് ജി.രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
- Log in to post comments