സ്വന്തം വീടെന്ന അഭിലാഷ സാക്ഷാത്കാരത്തിന്റെ ചാരിതാർഥ്യം നിറഞ്ഞ് ഭരണിക്കാവിലെ ലൈഫ് സംഗമം
ആലപ്പുഴ:സ്വന്തമായി വീടെന്ന ജീവിതത്തിലെ മഹത്തായ അഭിലാഷം ജനകീയ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ സാക്ഷാത്കരിച്ചതിലുള്ള ചാരിതാർഥ്യവും കൃതാർത്ഥതയും പ്രകടമാക്കുന്നതായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമം.ആബാലവൃദ്ധം ജനങ്ങളാണ് ചാരമൂട് മജസ്റ്റിക് സെന്ററില്‍ നടന്ന കുടുംബ സംഗമത്തിലും സുസ്ഥിര ക്ഷേമ ജീവിതം ഉറപ്പാക്കാൻ ലക്ഷ്യമിട്ട അദാലത്തിലും പങ്കെടുത്തത്.പരിപാടി ആര്. രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സാധാരണജനതയുടെ ആഗ്രഹങ്ങൾ ഫലമണിയിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പുലർത്തുന്ന സംസ്ഥാന സർക്കാരിന്റെ ഏറ്റവും മനുഷ്യത്വപരവും മാതൃകാപരവുമായ പദ്ധതിയാണ് എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോടെയുള്ള ലൈഫ് മിഷനെന്ന് അദ്ദേഹം പറഞ്ഞു.അഞ്ചുലക്ഷത്തിനുമേൽ വീടുകൾ നിർമ്മിച്ചുനൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം.ഭൂരഹിതർക്ക് കിടപ്പാടമൊരുക്കാനും ശ്രമിച്ചുവരുന്നു.വീടിനുപുറമെ ക്ഷേമകരമായ ജീവിതം നയിക്കുന്നതിന് സഹായകമായ സർക്കാർ പദ്ധതികളും സേവനങ്ങളും സുഗമമായും സുതാര്യമായും ലഭിക്കുന്നതിന് സംഗമത്തിനൊപ്പം നടത്തുന്ന അദാലത്ത് ഏറെ ഉപകരിക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അനുശിവൻ,ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,ബ്ലോക്ക് സെക്രട്ടറി ദിൽഷാദ് .ഇ,എസ് ഗിരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.ആലപ്പുഴ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ ഡി.ഷിൻസ് നിർവ്വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 734 വീടുകളാണ് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചത്.ഗുണഭോക്താക്കൾക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.സർക്കാരിന്റെ 20 സുപ്രധാന വകുപ്പുകളുടെ സേവനമാണ് അദാലത്തില്‍ ലഭ്യമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യനീതി, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ, പട്ടികജാതി പട്ടികവര്‍ഗം, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസനം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, ലീഡ് ബാങ്ക് ഉൾപ്പെടെ വകുപ്പുകൾ സജീവമായി അദാലത്തില്‍ സേവനങ്ങൾ നൽകി.
വീട് നിര്‍മ്മാണത്തിനാവശ്യമായ പെയിന്റ്, ടൈല്‍സ്, സാനിറ്ററി, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ എന്നിവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനുള്ള സ്റ്റാളുകളും അദാലത്തുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നു.
- Log in to post comments