സർക്കാരിന്റെ വിവിധ ജനകീയ പദ്ധതികൾ രാജ്യത്തിന്റെ തിലകക്കുറിയായി കേരളത്തെ മാറ്റി : മന്ത്രി തിലോത്തമൻ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളും ജനകീയ പദ്ധതികളുമാണ് രാജ്യത്തിന്റെ തിലകക്കുറിയായി കേരളത്തെ മാറ്റിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് തല ലൈഫ് മിഷന് കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ വികസന കാര്യങ്ങളിൽ ഒട്ടേറെ മുന്നേറ്റങ്ങൾ സർക്കാർ നടത്തിയിട്ടുണ്ട്. ലൈഫ് മിഷൻ പോലുള്ള ജനകീയ പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വീടില്ലാത്തവർക്ക് വീടെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുക എന്നത് സർക്കാരിന്റെ ഏറ്റവും വലിയ ദൗത്യങ്ങളിൽ ഒന്നാണ്. സമൂഹത്തിൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കുന്ന ലൈഫ് മിഷൻ വിജയത്തിന്റെ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, കടക്കരപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ പൂർത്തിയായ ലൈഫ് ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ താക്കോൽദാനം എ.എം ആരിഫ് എംപി നിർവഹിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1325 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 1274 വീടുകൾ പൂർത്തിയാക്കി വലിയ നേട്ടം കൊയ്താണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ചത് കഞ്ഞിക്കുഴി പഞ്ചായത്തിലാണ്. 325 വീടുകളാണ് പഞ്ചായത്തിൽ നിർമിച്ചത്.
സിവിൽ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ തുടങ്ങി ഇരുപത് വകുപ്പുകളുടെ സേവനങ്ങളും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. വിവിധ മേഖലകളിൽ മികവ് കാട്ടിയവരെയും പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എ. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. വിജയകുമാരി, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ആന്റണി, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രിയേഷ് കുമാർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ ജെ. ബെന്നി, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പി. ഉദയസിംഹൻ തുടങ്ങിവർ പ്രസംഗിച്ചു
- Log in to post comments