Skip to main content

പട്ടണക്കാട് ബ്ലോക്കിലെ ലൈഫ് കുടുംബ സംഗമവും വീടുകളുടെ താക്കോല്‍ദാനവും നടന്നു

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നടന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ലൈഫ് മിഷന്‍. വീടൊരു സ്വപ്‌നം മാത്രമായി കണ്ട പാവപ്പെട്ടവര്‍ക്ക് വലിയൊരു കൈത്താങ്ങാണിതെന്ന് മന്ത്രി പറഞ്ഞു. ഭവനരഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവർത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.എ.എം ആരിഫ് എം.പി മുഖ്യ പ്രഭാഷണവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും നിർവ്വഹിച്ചു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, വയലാര്‍, പട്ടണക്കാട് പഞ്ചായത്തുകളില്‍, ലൈഫ് പദ്ധതിയില്‍പെടുത്തി വീട് ലഭിച്ചവരാണ് കുടുംബ സംഗമത്തിലും അദാലത്തുലും പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് വഴി തെരഞ്ഞെടുക്കപ്പെട്ട 1804 ഗുണഭോക്താക്കളില്‍ 1410 പേര്‍ക്കും വീട് നിര്‍മിച്ചു നല്‍കിക്കൊണ്ട്  പട്ടണക്കാട് ബ്ലോക്ക് വലിയ മുന്നേറ്റമാണ് ലൈഫ് മിഷനില്‍ നടത്തിയത്.  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ ലൈഫ് മിഷനിലൂടെ ലഭിച്ചു എന്ന പ്രത്യേകതയും പട്ടണക്കാട് ബ്ലോക്കിനുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, ഇൻഫർമേഷൻ -പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയ ഇരുപത്തിരണ്ടോളം വകുപ്പുകളുടെ സേവനം സംഗമത്തില്‍ ഒരുക്കിയിരുന്നു. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി വിനോദ്, കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പന്‍, മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.കെ ഷാജു, ലൈഫ് മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ഉദയസിംഹന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടണക്കാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ വി.ആര്‍ മോനിഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date