ലൈഫ് കുടുംബസംഗമത്തിലൂടെ മികച്ച സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും: ആന്റോ ആന്റണി എംപി
ലൈഫ് കുടുംബസംഗമത്തിലൂടെ മികച്ച സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ വികസനത്തില്‍ ഏഴാം സ്ഥാനത്താണ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നത് അഭിമാനകരമാണെന്നും എംപി പറഞ്ഞു.
വീടു നല്‍കുക മാത്രമല്ല എല്ലാവര്‍ക്കും സേവനവും ഉറപ്പുവരുത്തുമെന്ന് ജനകീയ അദാത്ത്, വികസന മേള 2020 എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
ജീവിതത്തെ ശക്തമായി കെട്ടിപ്പടുക്കുകയാണ് ലൈഫ്. മൂന്നര വര്‍ഷം കൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. ലൈഫ് എന്ന പദ്ധതിയിലൂടെ മൂന്ന് ഘട്ടമായി പാര്‍പ്പിടം നിര്‍മിച്ചു കൊടുക്കും. ഇതിന്റെ ഭാഗമായുള്ള ഒന്നും രണ്ടും ഘട്ടങ്ങളാണ് ബ്ലോക്ക് തലത്തില്‍ പൂര്‍ത്തിയായത്. ഇതിലൂടെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 227 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. ഇനിയുള്ള മൂന്നാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഭൂമിയും ഭവനവും നല്‍കും.
ആര്‍ദ്രം പദ്ധതിയിലൂടെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും മെച്ചപ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിമാറ്റി. ഒ.പി. സൗകര്യം ആറു മണി വരെ ലഭ്യമാക്കി. ഇലന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദന്ത ഡോക്ടറുടെ സഹായവും ഇപ്പോള്‍ ലഭ്യമാണ്.
ഹരിത കേരളം മിഷനിലൂടെ ആറന്മുള മണ്ഡലത്തില്‍ നെല്‍കൃഷി ഇറക്കാന്‍ പോകുന്നു. തരിശു രഹിത ഭൂമിയാക്കാന്‍ കൃഷിയിറക്കുകയാണ് ലക്ഷ്യം. ഹരിത കേരള മിഷനിലൂടെയും ജനപങ്കാളിത്തത്തോടെയും വരട്ടാറിന് ജീവന്‍ നല്‍കാന്‍ സാധിച്ചു. മറ്റു തോടുകളും നദികളും നീര്‍ച്ചാലുകളും വൃത്തിയാക്കി.
പൊതുവിദ്യഭ്യാസ യജ്ഞത്തിലൂടെ സ്‌കൂളുകളെ ഹൈടെക് ആക്കി മാറ്റി. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞെന്നും എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, പഠനമുറി അവസാന ഗഡു വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. നവകേരള മിഷന്റെ ഭാഗമായുള്ള ആര്‍ദ്രം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമോഹന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാം മോഹന്‍, കെ.പി. മുകുന്ദന്‍, ലതാ വിക്രമന്‍, വത്സമ്മ എബ്രഹാം, ഗീത വിജയന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്.പാപ്പച്ചന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ. ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിജിലി പി. ഈശോ, എ.എന്‍. ദീപ, ജോണ്‍ വി.തോമസ്, എം.ബി. സത്യന്‍, ആലീസ് രവി, രമാദേവി, സാലി തോമസ്, വത്സമ്മ മാത്യു, തോമസ് ചാക്കോ, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍, പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പ്രസാദ് രവി, കോഴഞ്ചേരി മാര്‍ത്തോമ്മ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ റവ. വര്‍ഗീസ് ഫിലിപ്പ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി. രാജേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിമിഷങ്ങള്‍ക്കുള്ളില്‍ രേഖകള്‍:
അക്ഷയയുടെ കര്‍മനിരതമായ സ്റ്റാള്‍
ലൈഫ്മിഷന്‍ കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംഘടിപ്പിച്ച അക്ഷയ സ്റ്റാളിലൂടെ നിമിഷങ്ങള്‍ക്കകം സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കിയത് ഗുണഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്തു. ജില്ലയിലെ എല്ലാ ബ്ലോക്കുതല കുടുംബ സംഗമ - അദാലത്തുകളിലും അക്ഷയ ജീവനക്കാരുടെയും സംരംഭകരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന സ്റ്റാളുകളില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഉള്‍പ്പെടെയുള്ളവയ്ക്കും ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കുന്നതിനും മറ്റു സേവനങ്ങള്‍ക്കും കാര്യക്ഷമമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അക്ഷയ സ്റ്റാളില്‍ നിന്നും ധൃതഗതിയില്‍ ലഭ്യമാകുന്ന റേഷന്‍ കാര്‍ഡിന്റെ ഓണ്‍ലൈന്‍ അപേക്ഷകളിന്മേല്‍ നിമിഷങ്ങള്‍ക്കകം നടപടികള്‍ സ്വീകരിച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നത് നിരവധി പേര്‍ പ്രയോജനപ്പെടുത്തി. ലൈഫ് മിഷനിലൂടെ വീട് ലഭിച്ചതിനു ശേഷം ബന്ധപ്പെട്ട നിരവധി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നതിന് രേഖകള്‍ ഇല്ലാതെ ബുദ്ധിമുട്ടിയവര്‍ക്ക് അക്ഷയ സ്റ്റാളിന്റെ പ്രവര്‍ത്തനം സഹായകരമായി.
- Log in to post comments