Skip to main content

ഭര്‍ത്താവ് മരിച്ചു... മകന്‍ ഉപേക്ഷിച്ചു; പിന്നെയെല്ലാം സര്‍ക്കാര്‍ തന്നു...

ഭര്‍ത്താവ് മരിച്ചു... മകനും ഉപേക്ഷിച്ചു... വിവാഹ ബന്ധം വേര്‍പെടുത്തിയ മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം ജീവിതം വഴfമുട്ടി നില്‍ക്കവെയാണ് മങ്ങാട് പ്രഭാലയത്തില്‍ ഓമനയെ തേടി സര്‍ക്കാരിന്റെ സംരക്ഷണം എത്തിയത്. കൂലിപ്പണിക്കാരനായ ഓമനയുടെ ഭര്‍ത്താവ് പത്മാകരന്‍ മരിച്ചിട്ട് ഒന്നര വര്‍ഷമായി. മകന്‍ ആറു വര്‍ഷം മുന്‍പ് ഓമനയെ ഉപേക്ഷിച്ചു പോയതാണ്. മകളുടെ വിവാഹ   ആവശ്യവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സ്വത്തുവകകളും നഷ്ടപ്പെട്ടു... പിന്നീട് ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതായി... ഈ സന്ദര്‍ഭത്തിലാണ് പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 'ലൈഫ്' പദ്ധതിയിലൂടെ വീട് നല്‍കുന്നത് ഓമന അറിയാന്‍ ഇടയായത്. പിന്നെ ഒട്ടും വൈകിയില്ല അപേക്ഷ നല്‍കി... വീടു ലഭിച്ചു... സര്‍ക്കാരിന്റെ സഹായത്താല്‍ ഒരു കിണറും ലഭിച്ചു.

ആദ്യത്തെ ബി.പി.എല്‍ കാര്‍ഡ് മാറി വന്നപ്പോള്‍ എ.പി.എല്‍ ആയി. ഇതോടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായി. കുടുംബ സംഗമത്തോട് അനുബന്ധിച്ച് നിമിഷങ്ങള്‍ക്കകം റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നല്‍കി... വാര്‍ധക്യകാല പെന്‍ഷന്‍ ഓമനയ്ക്ക് ലഭിച്ചിരുന്നില്ല... ഇപ്പോള്‍ അതും ശരിയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. എല്ലാം നല്‍കിയ സര്‍ക്കാരിനും, ജില്ലാ ഭരണകൂടത്തിനും, ലൈഫ്മിഷനും തിരിച്ചു മടങ്ങും മുന്‍പ് ഓമന നന്ദി പറഞ്ഞു.

date