പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് അടൂരില്‍ പുതിയ ഉപജില്ലാ ഓഫീസ്
ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സ്ഥാപിതമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് നാലു പുതിയ ഉപജില്ലാ ഓഫീസുകള്‍കൂടി ആരംഭിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട ജില്ലയിലെ അടൂര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, വയനാട് ജില്ലയിലെ മാനന്തവാടി, കോഴിക്കോട് ജില്ലയില്‍ നാദാപുരം എന്നിവിടങ്ങളിലാണ് പുതുതായി ഓഫീസുകള്‍ ആരംഭിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2018 ല്‍ കോര്‍പ്പറേഷന് 10 ഓഫീസുകള്‍ അനുവദിച്ചിരുന്നു. നാല് ഓഫീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഓഫീസുകളുടെ എണ്ണം 35 ആയി ഉയരും.
വളരെ കുറഞ്ഞ പലിശ നിരക്കിലും, ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴില്‍/ബിസിനസ്, വിദ്യാഭ്യാസം, പ്രവാസികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടിയുള്ള പ്രത്യേക സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍, ഗൃഹനിര്‍മ്മാണം, പെണ്‍കുട്ടികളുടെ വിവാഹം, മൈക്രോ ഫിനാന്‍സ് തുടങ്ങി വൈവിദ്ധ്യങ്ങളായ വായ്പാ ക്ഷേമ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നു. പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് 30 ലക്ഷം രൂപവരെ വായ്പ അഞ്ചു മുതല്‍ എട്ട് ശതമാനം പലിശ നിരക്കില്‍ ഈ കോര്‍പ്പറേഷനില്‍ നിന്നു ലഭ്യമാണ്. നിലവിലുള്ള സംരംഭകര്‍ക്കു പ്രവര്‍ത്തന മൂലധനത്തിനും ബിസിനസ് വിപുലീകരിക്കുന്നതിനും വായ്പ നല്‍കുന്നുണ്ട്. മൂന്നു മുതല്‍ നാലു ശതമാനം പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ നല്‍കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം 500 കോടി രൂപയുടെ വായ്പാ വിതരണമാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ ജനുവരി 10 വരെ 380 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, ദേശീയ ന്യൂനപക്ഷ വിഭാഗ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സംസ്ഥാന ചാലക ഏജന്‍സികളില്‍ ഏറ്റവും കൂടുതല്‍ വായ്പാ വിതരണം നടത്തുന്ന സ്ഥാപനം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനാണ്. റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) ബാധകമായ നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതിനുശേഷവും കോര്‍പ്പറേഷന്റെ നിഷ്‌ക്രീയ ആസ്തി കേവലം 1.81 ശതമാനം മാത്രമാണ്. ഇതു മുന്‍ഗണനാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കാണ്.
മെച്ചപ്പെട്ട ഗുണഭോക്തൃ സേവനം, കാര്യക്ഷമമായ പ്രവര്‍ത്തനം, സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം, ഏറ്റവും കുറഞ്ഞ നിഷ്‌ക്രിയ ആസ്തി, ഉയര്‍ന്ന തിരിച്ചടവ് ശതമാനം, ലാഭക്ഷമത എന്നിവ പരിഗണിച്ച് 15 ദേശീയ പുരസ്‌കാരങ്ങള്‍ കൈവരിക്കുന്നതിനു കോര്‍പ്പറേഷന് ഇതിനോടകം സാധിച്ചിട്ടുണ്ട്. പുതിയതായി നാല് ഓഫീസുകള്‍ കൂടി ആരംഭിക്കുന്നതോടെ കോര്‍പ്പറേഷന്റെ സേവനം ഗുണഭോക്താക്കള്‍ക്കു കൂടുതല്‍ പ്രയോജനകരവും സമീപസ്ഥവും ആകുന്നതോടൊപ്പം വായ്പാ വിതരണം ഗണ്യമായി വര്‍ധിക്കുന്നതിനും ഇടയാക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ ഓഫീസുകള്‍ പ്രവര്‍ത്തനക്ഷമമാകും.
- Log in to post comments