Skip to main content

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നാല് പുതിയ ഉപജില്ലാ ഓഫീസുകൾ

ആലപ്പുഴ:ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി  സ്ഥാപിതമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന് നാല് പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി. പത്തനംതിട്ട ജില്ലയിലെ അടൂർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, വയനാട് ജില്ലയിലെ മാനന്തവാടി, കോഴിക്കോട് ജില്ലയിലെ  നാദാപുരം എന്നിവിടങ്ങളിലാണ് പുതുതായി ഓഫീസുകൾ ആരംഭിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2018 ൽ കോർപ്പറേഷന് 10 ഓഫീസുകൾ അനുവദിച്ചിരുന്നു.  നാല് ഓഫീസുകൾ കൂടി ആരംഭിക്കുന്നതോടെ  മൊത്തം ഓഫീസുകളുടെ എണ്ണം 35 ആയി ഉയരും.

വളരെ കുറഞ്ഞ പലിശ നിരക്കിലും, ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴിൽ/ബിസിനസ്സ്,  വിദ്യാഭ്യാസം, പ്രവാസികൾക്കും പ്രൊഫഷണലുകൾക്കും വേണ്ടിയുള്ള പ്രത്യേക സ്വയം തൊഴിൽ വായ്പാ പദ്ധതികൾ, ഗൃഹനിർമ്മാണം, പെൺകുട്ടികളുടെ വിവാഹം, മൈക്രോ ഫിനാൻസ് തുടങ്ങി വൈവിദ്ധ്യങ്ങളായ വായ്പാ ക്ഷേമ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കുന്നുണ്ട്.  പുതുതായി സംരംഭം ആരംഭിക്കുന്നവർക്ക് 30 ലക്ഷം രൂപവരെ വായ്പ അഞ്ച് മുതൽ എട്ടു ശതമാനം പലിശ നിരക്കിൽ ഈ കോർപ്പറേഷനിൽ നിന്ന് ലഭ്യമാണ്. നിലവിലുള്ള സംരംഭകർക്ക് പ്രവർത്തന മൂലധനത്തിനും ബിസിനസ്സ് വിപുലീകരിക്കുന്നതിനും വായ്പ നൽകുന്നുണ്ട്.  മൂന്നു മുതൽ നാല് ശതമാനം പലിശ നിരക്കിൽ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ നൽകുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം 500 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  ഇതിൽ ജനുവരി 10 വരെ 380 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

ദേശീയ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, ദേശീയ ന്യൂനപക്ഷ വിഭാഗ വികസന കോർപ്പറേഷൻ എന്നിവയുടെ സംസ്ഥാന ചാലക ഏജൻസികളിൽ ഏറ്റവും കൂടുതൽ വായ്പാ വിതരണം നടത്തുന്ന സ്ഥാപനം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനാണ്.  റിസർവ്വ്  ബാങ്കിന്റെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതിനുശേഷവും കോർപ്പറേഷന്റെ നിഷ്‌ക്രീയ ആസ്തി കേവലം 1.81 ശതമാനം മാത്രമാണ്.  ഇത് മുൻഗണനാമേഖലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ്.മെച്ചപ്പെട്ട ഗുണഭോക്തൃ സേവനം, കാര്യക്ഷമമായ പ്രവർത്തനം, സമ്പൂർണ്ണ ഓൺലൈൻ സംവിധാനം, ഏറ്റവും കുറഞ്ഞ നിഷ്‌ക്രിയ ആസ്തി, ഉയർന്ന തിരിച്ചടവ് ശതമാനം, ലാഭക്ഷമത എന്നിവ പരിഗണിച്ച് 15 ദേശീയ പുരസ്‌കാരങ്ങൾ കൈവരിക്കുന്നതിന് കോർപ്പറേഷന് ഇതിനകം സാധിച്ചിട്ടുണ്ട്. പുതിയതായി നാല് ഓഫീസുകൾ കൂടി ആരംഭിക്കുന്നതോടെ കോർപ്പറേഷന്റെ സേവനം ഗുണഭോക്താക്കൾക്ക് കൂടുതൽ പ്രയോജനകരവും, സമീപസ്ഥവും ആകുന്നതോടെ വർഷം തന്നെ ഓഫീസുകൾ പ്രവർത്തനക്ഷമമാകും. 
 

date