കയര്‍ വ്യവസായ മേഖലയുടെ ഉന്നമനം: സെമിനാര്‍ സംഘടിപ്പിച്ചു
ആലപ്പുഴ: കയര്‍ വ്യവസായ മേഖലയിലെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ട് കയര്‍ ബോര്‍ഡ് സെമിനാര്‍ സംഘടിപ്പിച്ചു. കയര്‍ മേഖലയിലെ ആവശ്യങ്ങള്‍,ഗവേഷണം എന്ന വിഷയമാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്. ആലപ്പുഴ റമദാ ഹോട്ടലില്‍ നടന്ന സെമിനാര്‍ സംസ്ഥാന കയര്‍ ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ എന്‍.പദ്‌മകുമാർ ഉദ്ഘാടനം ചെയ്തു. കാലാനുസൃതമായ മാറ്റങ്ങളിലൂടെ മാത്രമേ കയര്‍ വ്യവസായ മേഖലയിലെ വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. മാറുന്ന കാലഘട്ടത്തിനൊപ്പം കയര്‍ വ്യവസായ മേഖലയെ എങ്ങനെ മുഖ്യധാരയില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നതിൽ ഗൗരവമേറിയ ചര്‍ച്ച ആവശ്യമാണ്. കയര്‍ ഭൂവസ്ത്രമടക്കമുള്ളവയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് കയര്‍ വ്യവസായ മേഖലയില്‍ കയര്‍ ബോര്‍ഡ് നടപ്പിലക്കുന്ന വിവിധ പദ്ധതികളുടെ വിശദീകരണവും ചര്‍ച്ചയും നടന്നു. മേഖലയുടെ ഉന്നമനത്തിനായുള്ള നിരവധി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉയർന്നു.ആര്‍.ഡി.റ്റി.ഇ ഡയറക്ടര്‍ അനിതാ ദാസ്
പദ്ധതികളുടെ വിശദീകരണം നടത്തി. വി.ആര്‍ പ്രസാദ്, അനില്‍ കെ.ആര്‍, എസ്.കെ ഗൗതമന്‍, സി.എസ് പ്രകാശ് എന്നിവരുടെ പാനലാണ് സെമിനാര്‍ നിയന്ത്രിച്ചത്. കയര്‍ ബോര്‍ഡ് സെക്രട്ടറി എം.കുമാര്‍ രാജ, റീജിയണല്‍ ഓഫീസര്‍ അനിതാ ജേക്കബ്, കയര്‍ വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
- Log in to post comments