Skip to main content

സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിനുമായി ആര്യാട് ഗ്രാമ പഞ്ചായത്ത്  - മുഖ്യമന്ത്രിയുടെ ഹരിത പുരസ്‌കാരം 21ന് ഏറ്റുവാങ്ങും 

 

ആലപ്പുഴ: ഹരിത കേരളം മിഷന്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഹരിത പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിനുമായി ആര്യാട് ഗ്രാമ പഞ്ചായത്ത്. ക്യാമ്പയിന്‍ മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ വീടും പരിസരവും വൃത്തിയാക്കിയപ്പോള്‍ രണ്ടാം ഘട്ട ക്യാമ്പയിനില്‍ ഇന്ന് (14/1/2020) വ്യപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വൃത്തിയാക്കും. 'ധൂപസന്ധ്യ' എന്ന പേരില്‍ മൂന്നാം ഘട്ടത്തില്‍ ബുധനാഴ്ച വാര്‍ഡ് തല ജനകീയ ശുചീകരണം നടത്തും.

മാതൃകാ ശുചിത്വ ഗ്രാമത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനമാണ് സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിന്‍. ശുചിത്വത്തിന്റെ കാര്യത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആര്യാട് ഗ്രാമ പഞ്ചായത്ത് ഇതുവരെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികവുറ്റതായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എല്ലാ വീടുകളില്‍ നിന്നും ശേഖരിക്കാന്‍ ഹരിതകര്‍മ സേനയെ നിയോഗിച്ചിട്ടുണ്ട്. ഹരിതകര്‍മ സേന പ്രതിനിധികള്‍ വീടുകളിലെത്തി ജൈവ- അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംസ്‌കരണ പെട്ടിയിലുള്ള ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഞ്ചായത്തിലിരുന്ന് ഇതിന് മേല്‍നോട്ടം വഹിക്കാം. വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഡിംഗ് യൂണിറ്റ് വഴി സംസ്‌ക്കരിച്ചു റോഡ് ടാറിങ്ങിനും മറ്റ് മൂല്യ വര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണങ്ങള്‍ക്കും ഉപയോഗിക്കാം. കൃഷി ഭവനില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയും നടപ്പാക്കി വരികയാണ്. കൃഷിയും മാലിന്യ സംസ്‌കരണവും ഏകോപിപ്പിച്ചു നടപ്പാക്കിയ ഇത്തരം പദ്ധതികളാണ് മുഖ്യമന്ത്രിയുടെ ഹരിത പുരസ്‌കാരത്തിന് ആര്യാട് പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.  ഈ മാസം 21ന് തിരുവനന്തപുരത്ത് നടക്കുന്ന 'നമ്മള്‍ നമുക്കായി' ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ആര്യാട് പഞ്ചായത്ത് ഭരണസമിതി പുരസ്‌കാരം ഏറ്റുവാങ്ങും

date