ജില്ലയില്‍ തോട്ടം തൊഴിലാളികള്‍ക്കായി നൂറ് വീടുകള്‍ നിര്‍മ്മിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍
· മിഷന്‍ പദ്ധതികള്‍ കേരള ചരിത്രം മാറ്റിയെഴുതുന്നു
ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മാതൃകയില്‍ പ്രത്യേകം പദ്ധതിയൊരുക്കിയാണ് വീടുകള്‍ നിര്‍മ്മിക്കുക. ബീവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 4 കോടി രൂപ ഇതിനായി ചെലവിടും. നിലവില്‍ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളേയും പിരിഞ്ഞു പോയവരെയും പദ്ധതിയില്‍ പരിഗണിക്കും. സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് പദ്ധതി തുടങ്ങും. സ്ഥലം വിട്ട് നല്‍കുന്നതിന് തോട്ടം ഉടമകളുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ അനുകൂലമാണെന്നും മന്ത്രി പറഞ്ഞു.
ലൈഫ് ഗുണഭോക്ത ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിക്കും. തലമുറകളായി വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് വീട് ലഭ്യമാക്കാന്‍ ലൈഫ് പദ്ധതിക്ക് സാധിച്ചെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടത്തിലൂടെ സംസ്ഥാനത്താകെ 2 ലക്ഷത്തോളം വീടുകളാണ് നിര്‍മ്മിച്ചത്. മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് 56 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനുളള നടപടികളും പുരോഗമിക്കുന്നു. 10 ജില്ലയില്‍ താമസസമുച്ചയങ്ങള്‍ ഒരുങ്ങിയെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന വയനാടിന്റെ അതിജീവനത്തിനായി 149 കോടി രൂപയും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അറ്റകുറ്റപ്പണിക്കുമായി 21 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്, തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡി ബള്‍ബുകളാക്കുക, എല്ലാ നഗരങ്ങളിലും സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിത താമസ സ്ഥലങ്ങള്‍ ഒരുക്കുക, വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക പഠിക്കുന്നതിനോടൊപ്പം ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുക തുടങ്ങിയ വിവിധ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പുതുവര്‍ഷത്തില്‍ തുടക്കമിട്ടത്. മിഷന്‍ പദ്ധതികള്‍ മാറ്റത്തിന് കളമൊരുക്കിയതായും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം നാസര്‍, എന്‍.സി പ്രസാദ്, ആര്‍. യമുന,വി.ഉഷാകുമാരി, കെ.കെ സഹദ്, ഒ.ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments