സാമൂഹികനീതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത് - മന്ത്രി ജി സുധാകരൻ
ആലപ്പുഴ :സാമൂഹികനീതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തു നടന്നുവരുന്നത്. സ്വപ്ന പദ്ധതികളല്ല യാഥാർഥ്യമാക്കാൻ സാധിക്കുന്നവയാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്കായി നൽകിയിരിക്കുന്നതെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ജി സുധാകരൻ. ടി ഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ജില്ല തല സംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ 17429 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ 14629 വീടുകളുടെ പണി പൂർത്തിയായി. 83.61% വീടുകളാണ് പൂർത്തിയായത്. ഇനിയുള്ള 16.39% വീടുകളുടെ പണികൾ എത്രയും പെട്ടെന്നു പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഫ്‌ളാറ്റുകളാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. കൂടാതെ 3 സെന്റ് ഭൂമി ലഭ്യമാക്കി വീട് നിര്‍മ്മിച്ചു നല്‍കുന്നുമുണ്ട്.
സംസ്ഥാനത്ത് 10 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം ഈ മാസം ആരംഭിക്കും.
പറവൂർ, മണ്ണഞ്ചേരി, പള്ളിപ്പുറം, തഴക്കര എന്നി സ്ഥലങ്ങൾക്ക് ഫ്ലാറ്റ് പണി തുടങ്ങുവാനുള്ള ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.
ജില്ലയില്‍ ആലപ്പുഴ പറവൂരില്‍ നിര്‍മ്മിക്കുന്ന 165 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയനിര്‍മ്മാണവും ഈ മാസം ആരംഭിക്കും.
പല കാരണങ്ങളാൽ ധാരാളം ആളുകൾ ലിസ്റ്റിൽ നിന്നും വിട്ടു പോയിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവരും മത്സ്യത്തൊഴിലാളികളും ഇതിലുൾപ്പെടുന്നു, വിട്ടുപോയവരെ ഉൾപ്പെടുത്തി ലിസ്റ്റ് പുനർനിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനുള്ള നിർദ്ദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി കഴിഞ്ഞു.
ഗുണഭോക്തൃ പ്രതിനിധികളായ ഹരിപ്പാട് പുത്തൻപൊറുതിയിൽ സരസമ്മ, ദേവകി സഹോദരികൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ഉപഹാരം നൽകി ആദരിച്ചു.
ഭൂപരിഷ്കരണത്തിന് ശേഷം കേരളത്തിൽ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റത്തിന് വേണ്ടിയുള്ള പദ്ധതിയായി മാറി ലൈഫ് പദ്ധതിയെന്ന് മന്ത്രി തിലോത്തമൻ പറഞ്ഞു. കേരളത്തിൽ വീടുകൾ നൽകിയതിൽ സർവകലാശാല റെക്കോർഡ് ആണ് ആലപ്പുഴ ജില്ല കൈവരിച്ചത് അതിൽ എല്ലാവർക്കും അഭിമാനിക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ 1,2 ഘട്ടങ്ങളിലായി ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും ആലപ്പുഴ മുനിസിപ്പാലിറ്റിയാണ്. 2870 വീടുകള്‍ ഏറ്റെടുത്തതില്‍ 2364 വീടുകള്‍ പൂര്‍ത്തീകരണത്തില്‍ എത്തി. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും അധികം വീടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്താണ്. 447 വീടുകള്‍ ഏറ്റെടുത്തതില്‍ 394 വീടുകള്‍ പൂര്‍ത്തീകരിച്ചു.
ഇവരേയും സംഗമത്തിൽ ആദരിച്ചു.
ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ പ്രതിനിധികളെയും നിർവഹണ ഉദ്യോഗസ്ഥരെയും ചടങ്ങിൽ കളക്ടർ ആദരിച്ചു.
ജില്ലാ കളക്ടർ എം അഞ്ജന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പി ഉദയ സിംഹൻ എന്നിവർ പ്രസംഗിച്ചു. വിപ്ലവഗായിക പി. കെ.മേദിനി , ജില്ലയിലെ നഗരസഭ അധ്യക്ഷൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ വേദിയിൽ സന്നിഹിതരായിരുന്നു.
- Log in to post comments