ലീഗൽ മെട്രോളജി പരിശോധന; വ്യാപകമായ ക്രമക്കേടുകൾ
ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് മൽസ്യ മാംസ വ്യാപാര മാർക്കറ്റുകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. ആലപ്പുഴ പുലയൻ വഴി, സക്കറിയ ബസാർ, കലവൂർ മാർക്കറ്റുകളിലും മവേലിക്കര കല്ലുമല മാർക്കറ്റിലും മണ്ണഞ്ചേരി മുതൽ വണ്ടാനം വരെയുള്ള വഴിയോര കച്ചവടക്കാർക്കിടയിലുമാണ് പരിശോധന നടത്തിയത്.
മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിൽ 42 കേസുകളെടുത്തു.11 പേരിൽ നിന്ന് 21000 രൂപ പിഴ ഈടാക്കി. 31 പേർക്ക് നോട്ടീസ് അയച്ചു. യഥാസമയം മുദ്ര പതിപ്പിക്കാത്തതും ക്യത്യത ഇല്ലാത്തതുമായ ത്രാസുകൾ മാർക്കറ്റുകളിലെ വ്യാപാരികളും വഴിയോര കച്ചവടക്കാരും മത്സ്യവ്യാപാരത്തിന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. ഇവരെല്ലാം ഓഫീസ് രേഖകൾ പ്രകാരം കൃത്യത ഉറപ്പ് വരുത്തിയ ത്രാസുകൾ കൈവശം വയ്ക്കുകയും വ്യാപാരത്തിന് മറ്റ് ത്രാസുകൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനാലാണ് നടപടികൾ ആരംഭിച്ചത്. കച്ചവടക്കാർ ഉപയോഗിക്കുന്ന ത്രാസുകളുടെ കൃത്യത ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നതിന്റെ രേഖകൾ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. ത്രാസുമായി ഒത്ത് നോക്കാൻ ഉപഭോക്താക്കൾക്ക് നിയമപരമായി അവകാശം ഉണ്ടെന്നും ലീഗൽ മെട്രോളജി അസ്സിസ്റ്റന്റ് കൺട്രോളർ അറിയിച്ചു. തുടർന്നും മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ജില്ലയിലാകമാനം പരിശോധനകൾ നടത്തും.
അസിസ്റ്റന്റ് കൺട്രോളർ എം.ആർ.ശ്രീകുമാർ, ഫ്ളയിങ്ങ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ എസ്. ഷേക്ക് ഷിബു സീനിയർ ഇൻസ്‌പെക്റ്റർ ഷൈനി വാസവൻ ഇൻസ്‌പെക്റ്റർമാരായ കെ.കെ.ഉദയൻ, ബാലക്, പി. പ്രവീൺ, ബി. മുരളീധരൻ പിള്ള, അപർണ്ണ എസ് മേനോൻ എന്നിവർ പരിശോധനക്ക് നേത്യത്വം നൽകി.
- Log in to post comments