Skip to main content

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം;  ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

ഫെബ്രുവരി രണ്ടു മുതല്‍ ഒമ്പതുവരെ നടക്കുന്ന 108-ാമത് അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 

സമ്മേളന നഗരിയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപണി ഈ മാസം 24നകം പി.ഡബ്ല്യു.ഡി പൂര്‍ത്തീകരിക്കും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി, റാന്നി എന്നീ ഡിപ്പോകളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. മേജര്‍ ഇറിഗേഷന്‍ വകുപ്പ് സമ്മേളന നഗറിലെ താല്‍ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പു വരുത്തും. നദിയിലെ ജലനിരപ്പ് ക്രമീകരിക്കുക, കണ്‍വന്‍ഷന്‍ നഗറിന്റെ പരിസരത്തുള്ള കാടും പടര്‍പ്പുകളും, മണ്‍പുറ്റുകളും നീക്കം ചെയ്യാനും മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഈ മാസം 20 മുതല്‍ 25 വരെ  നടപടി സ്വീകരിക്കും. കേരള വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ നഗറില്‍ 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. വൈദ്യുതി വിതരണം മുടങ്ങുന്നില്ലെന്ന് കെ.എസ്.ഇ.ബി ഉറപ്പ് വരുത്തും. 

ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ താല്‍ക്കാലിക ഡിസ്പെന്‍സറിയും, ആംബുലന്‍സ് സൗകര്യവും ഒരുക്കും. വനിത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ വിന്യസിച്ച് പോലീസ് കണ്‍വന്‍ഷന്‍ നഗറിലെ വാഹന പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗതം എന്നിവ നിയന്ത്രിക്കും. അഗ്നിശമന സേനയുടെ ഒരു യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. പരിഷത്ത് നഗറിലും, പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിന് എക്സൈസ് നടപടി സ്വീകരിക്കും. വഴിവിളക്കുകള്‍ കെ.എസ്.ഇ.ബിയുമായി ചേര്‍ന്ന് പ്രവര്‍ത്തനക്ഷമമാക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കുക, യാചക നിരോധനം ഏര്‍പ്പെടുത്തുക, അനധികൃത കച്ചവടം ഇല്ലാതാക്കല്‍ എന്നീ നടപടികള്‍ അയിരൂര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കും. 

 സമ്മേളനത്തിനോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടായേക്കാവുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പാക്കും. ഹരിത ചട്ടം പാലിച്ചാണു കണ്‍വന്‍ഷന്‍ നടത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഫുഡ്, ലീഗല്‍, ആരോഗ്യം, പഞ്ചായത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അഞ്ചംഗ സ്‌ക്വാഡ് വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ അളവ്, തൂക്കം, വില തുടങ്ങിയവ പരിശോധിക്കും. ഹരിത ചട്ടം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഈ സ്‌ക്വാഡ് ആയിരിക്കും.  സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി തിരുവല്ല സബ് കളക്ടറെ കോ-ഓര്‍ഡിനേറ്ററായും, റാന്നി തഹസില്‍ദാരെ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായും ചുമതലപ്പെടുത്തി. 

യോഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് ജെറി മാത്യു സാം, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസുകുട്ടി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സമ്മ എബ്രഹാം, മുന്‍ എം.എല്‍.എയും ഹിന്ദുമത മഹാസമ്മേളനം വൈസ് പ്രസിഡന്‍ഡുമായ മാലേത്ത് സരളാദേവി, ഹിന്ദുമത മഹാസമ്മേളനം സെക്രട്ടറി എ.ആര്‍ വിക്രമന്‍, അഡ്വ.കെ.ഹരിദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date