വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണം: ജില്ലാ കളക്ടര്‍
വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്നും വോട്ടര്‍പട്ടികയില്‍ ഉണ്ടായേക്കാവുന്ന ചെറിയ തെറ്റുകള്‍ പര്‍വതീകരിച്ച് കാണിക്കരുതെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
2015 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക അടിസ്ഥാന പട്ടികയായി എടുത്തുകൊണ്ട് 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക ഈ മാസം 20ന് പ്രസിദ്ധീകരിക്കും. ഈ വോട്ടര്‍ പട്ടികയില്‍ ആക്ഷേപങ്ങള്‍ പരിഹരിക്കാനും പുതിയ അപേക്ഷകള്‍ നല്‍കാനും പേരുകള്‍ ചേര്‍ക്കാനുമുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. വോട്ടര്‍പട്ടിക വിചാരണ നടത്തി അപ്ഡേറ്റ് ചെയ്യുന്ന അവസാന തീയതി ഫെബ്രുവരി 25. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഫെബ്രുവരി 28ന് ആകും. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ശബരിമല എഡിഎം എന്‍.എസ്.കെ ഉമേഷ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്, ആര്.ജയകൃഷ്ണന്, അലക്സ് കണ്ണമല, വാളകം ജോണ്‍, ജോണ്‍ എസ് യോഹന്നാന്, നൗഷാദ് കണ്ണങ്കര, അഡ്വ.പി.സി ഹരി, എസ്.മുഹമ്മദ് അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു..
- Log in to post comments