Skip to main content

ഇരവിപേരൂരില്‍ കുടുംബശ്രീക്ക് വിപണനകേന്ദ്രം വരുന്നു

 ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിപണനത്തിനായി കേന്ദ്രം നിര്‍മ്മിക്കുന്നു. വീണാജോര്‍ജ്ജ് എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതില്‍ അഞ്ച് കട മുറികളും, സംഭരണ സംസ്‌ക്കരണ കേന്ദ്രവും സ്ത്രീകള്‍ക്ക് ശുചിമുറിയും വസ്ത്രം മാറാനുള്ള സൗകര്യവും അടക്കമാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. 

മൂന്നു മാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ ലക്ഷ്യംവയ്ക്കുന്ന കേന്ദ്രം പ്രവര്‍ത്തനക്ഷമമാകുന്നതോടെ പഞ്ചായത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്‍ഷിക-സംരംഭക യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ എത്തിക്കുവാനും പായ്ക്കിംഗ് അടക്കമുള്ള വിപണന സാധ്യതാ കേന്ദ്രമായി ഇത് മാറും. നിലവില്‍ കാര്‍ഷിക മേഖലയില്‍ സജീവമായി 17 ഗ്രൂപ്പുകളും എട്ട് സംരംഭക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന 51 സംരഭങ്ങളടങ്ങിയ മഴവില്‍ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ കൂടി എത്തുന്നതോടെ വിപണന കേന്ദ്രം സജീവമാകും. 

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന നിര്‍മ്മാണ ഉദ്ഘാടനം വീണാജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ വി.കെ ഓമനകുട്ടന്‍, സാലി ജേക്കബ്, ജോണ്‍ വര്‍ഗീസ്, ശശിധരന്‍ പിളള, കെ.എന്‍ രാജപ്പന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

date