Skip to main content

കുട്ടനാട്ടിലെ ബണ്ടുകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കും-ജില്ല വികസന സമിതി

 

 

ആലപ്പുഴ: കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ ഓരുവെള്ള ഭീഷണി ഒഴിവാക്കാൻ വേണ്ട ബണ്ടുകളുടെ നിർമ്മാണം വേഗത്തില്‍ പൂർത്തിയാക്കുമെന്ന് മേജർ,മൈനർ ഇറിഗേഷൻ അധികൃതർ ജില്ലവികസന സമിതി യോഗത്തിൽ അറിയിച്ചു. ജില്ല കളക്ടർ എം അഞ്ജനയുടെ അധ്യക്ഷതയിൽ ജില്ല ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ.ഷാനിമോൾ ഉസ്മാൻ എം എൽ എയും പങ്കെടുത്തു.വകുപ്പുകളുടെ പ്ലാൻ ഫണ്ട് പൂർണമായും കൃത്യതയോടെ വിനിയോഗിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കളക്ടർ ആവശ്യപ്പെട്ടു.എച്ച് ബ്ലോക്ക്,വട്ടക്കായൽ എന്നിവടങ്ങളിലുള്ള നിലവിൽ പ്രവർത്തന രഹിതമായ രണ്ടു മാലിന്യസംസ്കരണ പ്ലാന്റുകൾ ഉപയോഗക്ഷമമാക്കാൻ സംസ്ഥാനതല വേസ്റ്റ് മാനേജ്‌മെന്റ് സമിതിയുടെ നിർദേശാനുസൃതം നടപടിയെടുക്കുമെന്ന് കളക്ടർ അറിയിച്ചു.

അരൂർ നിയോജകമണ്ഡലത്തിലെ തീരദേശ മേഖലകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ഷാനിമോൾ ആവശ്യപ്പെട്ടു.ജനുവരി 29-ഓടെ പ്രശ്‌നത്തിന് പരിഹാരമുറപ്പാക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഇതിന് ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ കൂടുതൽ വെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.നെഹ്‌റു ട്രോഫി വാർഡിൽ മനയ്ക്കച്ചിറ ഭാഗത്ത് കുടിവെള്ളം ലഭ്യമാക്കാൻ പുന്നമട,തൊട്ടാത്തോട് എന്നിവിടങ്ങളിൽ തോടിനുകുറുകെ പൈപ്പ് ലൈൻ സ്ഥാപിച്ച് കണക്ഷൻ മാറ്റിക്കൊടുക്കുന്ന പ്രവൃത്തികൾ അമൃത് പദ്ധതി പ്രകാരം പുരോഗമിക്കുകയാണ്.മാർച്ച് 31നകം പൂർത്തിയാകുമെന്നും വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

മാക്കേകടവ്-നേരേകടവ്,പെരുമ്പളം പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ അറിയിച്ചു.

ജില്ലയിലെ വിദ്യാലയങ്ങളിൽ മയക്കുമരുന്ന് വ്യാപനം തടയാൻ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തി നടപടികൾ സ്വീകരിച്ചതായി എക്സൈസും പൊലീസും അറിയിച്ചു.പുകയില,മയക്കുമരുന്ന് ഉപയോഗത്തിന് 15 വീതം കേസുകൾ എടുത്തതായും ഓരോ സ്റ്റേഷനിലും രണ്ടുപൊലീസുദ്യോഗസ്ഥരെ ഇക്കാര്യത്തിന് മാത്രമായി പ്രത്യേകം നിയോഗിച്ചതായും പോലീസ് വ്യക്തമാക്കി.കുട്ടനാട് പ്രദേശത്ത് കക്കൂസ് മാലിന്യം കായലിൽ തള്ളുന്നത് തടയാൻ ഹൈവേ പൊലീസിലേയും നെടുമുടി,പുളിങ്കുന്ന്,രാമങ്കരി സ്റ്റേഷനുകളിലെയും പൊലീസുദ്യോഗസ്ഥർക്ക് നിദേശം നൽകി.നെടുമുടി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അധികൃതർ വ്യക്തമാക്കി.

2018-19ലെ കരകൃഷിയുടെ പൂർണമായ നഷ്ടപരിഹാരത്തിന് നടപടികൾ ആരംഭിച്ചതായും ഈയിനത്തിലേക്ക് ഒരു കോടിരൂപയുടെ കൂടി അപേക്ഷനൽകിയതായും കൃഷി വകുപ്പ് അറിയിച്ചു. അമ്പലപ്പുഴ തെക്ക്,വടക്ക്,പുന്നപ്ര തെക്ക് പഞ്ചായത്തുകളിലായി 30 പുലിമുട്ടുകളുടെ നിർമ്മാണത്തിന് കിഫ്ബിയിലുൾപ്പെടുത്തി 53.588 കോടി രൂപയുടെ അംഗീകാരം ലഭിച്ചുവെന്നും  പ്രീ ക്വാളിഫിക്കേഷൻ നടപടികൾ പുരോഗമിക്കുന്നുവെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.കടൽഭിത്തി നിർമ്മാണത്തിൽ കടലാക്രമണ ഭീഷണിയുള്ള ഭാഗങ്ങളൊന്നും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കും.

ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലെ അനധികൃത കയ്യേറ്റങ്ങളും വഴിയോര വാണിഭവും നീക്കം ചെയ്തതായും കയ്യേറ്റം ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു. പഞ്ചായത്തുകളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു.ജില്ലയിൽ ലക്ഷം വീടുകളിൽ 367 ഇരട്ട വീടുകൾ ഒറ്റവീടുകളാക്കിയതായി ദുരന്തനിവാരണ അധികൃതർ അറിയിച്ചു. വീയപുരം പഞ്ചായത്ത് ഒന്ന്,രണ്ട് വാർഡുകളിലെ  കെ എസ് ഇ ബി ഉപഭോക്താക്കൾ പരാതി പരിഹാരം,അറ്റകുറ്റപ്പണികൾ എന്നിവയിൽ എടത്വ സെക്ഷന്റെ പരിധിയിലാണ് ഉൾപ്പെടുന്നതെന്ന് കെ എസ് ഇ ബി അധികൃതർ പറഞ്ഞു.

പൊതുമരാമത്ത്-രജിസ്‌ട്രേഷൻ മന്ത്രി ജി സുധാകരന്റെ പ്രതിനിധി അരുൺകുമാർ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ്,കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതിനിധി എം എൻ ചന്ദ്രപ്രകാശ്,ജില്ലാ പ്ലാനിംഗ് ഓഫീസർ കെ എസ് ലതി  എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

 

date