കുട്ടനാട് നിയോജക മണ്ഡലത്തില്‍ 37 റോഡുകളും 20 പാലങ്ങളും നിര്‍മാണ ഘടത്തില്‍-മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് കുട്ടനാട്ടില്‍ നടത്തുന്ന വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കി.കുട്ടനാടിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടനാട് നിയോജക മണ്ഡലത്തില്‍ 37 റോഡുകള്‍, 20 പാലങ്ങള്‍, 11 കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടക്കുന്നത്. സ്തംഭിച്ചു നില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാലങ്ങളുടെ നിര്‍മാണത്തില്‍ പൊതുമരാമത്ത് വിഭാഗം വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടനാട് നിയോജക മണ്ഡലത്തിലെ കോഴിമുക്ക് - ചമ്പക്കുളം റോഡ്, എടത്വ - വിയ്യപുരം റോഡ്, പള്ളിക്കൂട്ടുമ്മ - നീലംപേരൂര്‍ റോഡ് എന്നിവ ഉടന്‍ ഉദ്ഘാടനം ചെയ്യാനാവും. ആറ് റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഉടന്‍ നടത്തി നിര്‍മാണം ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എ സി റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഉടന്‍ ടെന്റര്‍ ക്ഷണിക്കും.
കുട്ടനാട് എക്‌സൈസ് കോംപ്ലക്‌സ്, മങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്എസ്ഇ സ്‌കൂള്‍, തലവടി ജിവിഎച്ച്എസ്എസ്, ചെമ്പുംപുറം ഗവ.യുപി സ്‌കൂള്‍, തലവടി ഗവ.എച്ച്എസ്എസ്, കുട്ടമംഗലം ഗവ.യുപി സ്‌കൂള്‍, കരുമാടി കുമാരപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ക്ലാസ് മുറികള്‍, എടത്വാ സബ് ട്രഷറി, പുളിങ്കുന്ന് സബ് രജിസ്ട്രാര്‍ ഓഫീസ്, രാമങ്കരി കോടതി സമുച്ചയവും ക്വാര്‍ട്ടേഴ്‌സ്, എന്‍സിസി കേഡറ്റ്‌സ് പരിശീലനകേന്ദ്രം എന്നിവയുടെ നിര്‍മാണമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നടക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, പൊതുമരാമത്ത് ദേശിയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ എം അശോക് കുമാര്‍, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയര്‍ മനോമോഹന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments