Skip to main content

റിപ്പബ്ലിക് ദിനാഘോഷം ഇന്ന്: മന്ത്രി ജി.സുധാകരൻ ദേശീയപതാക ഉയർത്തും

 

 

ആലപ്പുഴ: എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ഇന്നു (ജനുവരി 26) നടക്കും. രാവിലെ 8.30ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ദേശീയപതാക ഉയർത്തും. രാവിലെ വേദിയിലെത്തുന്ന മന്ത്രിയെ ജില്ലാ കളക്ടർ എം.അഞ്ജനയും ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയും ചേർന്ന് സ്വീകരിക്കും. ദേശീയ പതാകയുയർത്തിയശേഷം മന്ത്രി പരേഡ് പരിശോധിക്കും. തുടർന്ന് മാർച്ച് പാസ്റ്റിനെ അഭിവാദ്യം ചെയ്തശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകും.

ലോക്കൽ പൊലീസ്, സായുധ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫയര്‍ ഫോഴ്സ് , എൻ.സി.സി., സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ്, ബുൾബുൾ, കബ്സ് എന്നീ വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. പൊലീസിന്റെയും സ്‌കൂൾ വിദ്യാർഥികളുടെയും ബാൻഡ് സെറ്റുകൾ അകമ്പടി സേവിക്കും. ദിനാഘോഷത്തോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപനം, ബാൻഡ് ഡിസ്പ്ലേ, കലാപരിപാടികൾ എന്നിവ നടക്കും.

ജനപ്രതിനിധികൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഗാന്ധിയന്മാർ, അധ്യാപകർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ സമസ്തമേഖലയിലുമുള്ളവർ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.

 

 

date