Skip to main content

മനോരമ കവല വികസനം: ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കും -മന്ത്രി പി.തിലോത്തമന്‍

 

 

ആലപ്പുഴ: ചേര്‍ത്തല മനോരമ കവല വികസനത്തിന് മുന്നോടിയായി , ഉഭയകക്ഷി സമ്മതപ്രകാരം രജിസ്റ്റർ ചെയ്ത 14 പേരുടെയും ഉടനടി ആധാരം രജിസ്റ്റർ ചെയ്യുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന മൂന്നുപേരുടെയും സൂക്ഷ്മ പരിശോധയിലുള്ള അഞ്ചുപേരുടെയും ഒഴികെയുള്ള എട്ടു ഉടമകളുടെ സ്ഥലം 4.1 ആര്‍സ് ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

 

ചേർത്തല മനോരമ കവല വികസനവുമായി ബന്ധപ്പെട്ട് ഉഭയകക്ഷി സമ്മതപ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനായി സർക്കാർ 2017 ഉത്തരവ് പ്രകാരം 850 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ആകെ 30 സ്ഥലമുടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. 14 പേരുടെ പ്രമാണം ഇതിനകം സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തു. 5 സ്ഥലം ഉടമകൾ സമർപ്പിച്ച ആധാരം ഉൾപ്പെടെയുള്ള രേഖകൾ ഗവൺമെൻറ് പ്ലീഡറുടെ സൂക്ഷ്മപരിശോധനയിലാണ്. മൂന്ന് പേരുടെ ആധാരം തയ്യാറാക്കി രജിസ്റ്റർ ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന എട്ടുപേരുടെ ഭൂമിയാണ് ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കാൻ മന്ത്രി നിർദേശിച്ചത്. ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഏറ്റെടുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേനയുള്ള അനുമതി ഇതിനകം ലഭ്യമായി കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ എത്രയും വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് മന്ത്രി തിലോത്തമന്‍ നിർദ്ദേശം നൽകി. നിലവിൽ ലഭ്യമാക്കിയിട്ടുള്ള ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും അതേസമയം തന്നെ ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നടപടികളും തുടർന്നു പോകുന്നതിന് യോഗം തീരുമാനിച്ചു. എല്ലാവരുടെയും സഹകരണം ഉണ്ടായാൽ ചേര്‍ത്തലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുത്ത സ്ഥലത്ത് സാധ്യമായ ഇടത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർ എം. അഞ്ജന പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

date