ഹൗസ്ബോട്ടുകളുടെ പ്രവർത്തനരീതി കുറ്റമറ്റതാക്കാൻ സംവിധാനമൊരുക്കും: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
ആലപ്പുഴ: ജില്ലയിലെ ഹൗസ്ബോട്ടുകളുടെ പ്രവർത്തനരീതി കൃത്യമാക്കുന്നതിനും സുരക്ഷ സജ്ജീകരണങ്ങൾ ഉറപ്പാക്കുന്നതിനും സംവിധാനമൊരുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. ഈയിടെ നടന്ന ഹൗസ് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം കലക്ടറേറ്റിൽ ജില്ലാ കലക്ടർ എം അഞ്ജനയുടെ അധ്യക്ഷതയിൽ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ പങ്കെടുത്തു.
ജില്ലയിലെ എല്ലാ ഹൗസ്ബോട്ടുകൾക്കും ലൈസൻസ് നിർബന്ധമാക്കാൻ നടപടികൾ ഉടൻ ആരംഭിക്കും. രജിസ്ട്രേഡ് അല്ലാത്ത ബോട്ടുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം നൽകും. ജീവനക്കാരുടെ കുറവുമൂലം, രജിസ്ട്രേഷൻ ഉറപ്പാക്കുന്നതിൽ
പോർട്ട് അതോറിറ്റിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാവുകയാണെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ഇടപെടും.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയെടുക്കും. സുരക്ഷാ സംബന്ധമായ മാനദണ്ഡം തീരുമാനിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ഉപദേശക സമിതി രൂപികരിക്കും. നേവി, ടൂറിസം, പോലിസ്, അഗ്നിശമനസേന,തുറമുഖം, വൈദ്യുതി, ജില്ലാ പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ, ജില്ലയിലെ ഹൗസ് ബോട്ട് ഉടമകളുടെ പ്രതിനിധികൾ, കുസാറ്റ് ഷിപ്പ് ടെക്‌നോളജി വിഭാഗം തുടങ്ങിയവർ അടങ്ങുന്നതാവും സമിതി. വഞ്ചിവീടുകളിൽ ലഭ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് അവയ്ക്ക് ഗ്രേഡിംഗ് നൽകാനും പദ്ധതിയുണ്ട്.
ജില്ലാഭരണകൂടം അനുവദിക്കുന്ന നിശ്ചിതസമയത്തിനു ശേഷവും രജിസ്റ്റർ ചെയ്യാത്ത ഹൗസ്ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഹൗസ്ബോട്ടുകളിലെ ജീവനക്കാർക്ക് സുരക്ഷാ സംബന്ധമായ കാര്യങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.
തുടർന്ന് ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹൗസ് ബോട്ട് ഉടമകളുമായി ചർച്ച നടത്തുകയും സഹകരണം ആവശ്യപ്പെടുകയും ചെയ്തു.
യോഗത്തിൽ ജില്ലാ കളക്ടർ എം.അഞ്ജന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ആലപ്പുഴ എഎസ് പി വിവേക് കുമാർ, ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി ഡയറക്ടർ ആശ സി എബ്രഹാം, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments